പാലക്കാട്: പുതുശ്ശേരിയിൽ കുട്ടികൾ ഉൾപ്പെട്ട കരോൾ സംഘത്തെ ആക്രമിച്ച സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകൻ അശ്വിൻ രാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ പരിക്കേറ്റവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു.(Attack on Carol team in Palakkad, RSS worker arrested)
ഞായറാഴ്ച രാത്രിയാണ് പുതുശ്ശേരിയിൽ വെച്ച് കരോൾ സംഘത്തിന് നേരെ ആക്രമണമുണ്ടായത്. കുട്ടികളടക്കമുള്ള സംഘത്തെ പ്രതി തടഞ്ഞുനിർത്തുകയും അക്രമിക്കുകയുമായിരുന്നു. കരോൾ സംഘം ഉപയോഗിച്ചിരുന്ന സംഗീതോപകരണത്തിൽ 'സിപിഎം' എന്ന് എഴുതിയത് കണ്ടതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. ഇത് ചോദ്യം ചെയ്തുകൊണ്ടായിരുന്നു ആക്രമണം നടന്നത്.
സംഭവത്തിന് പിന്നാലെ ഒളിവിലായിരുന്ന പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.