

വയനാട്: പുൽപ്പള്ളി ദേവർഗദ്ധയിൽ ആളെ കൊന്ന കടുവയെ പിടികൂടാൻ വനംവകുപ്പ് നടപടികൾ കർശനമാക്കി. മാരൻ എന്ന തൊഴിലാളി കൊല്ലപ്പെട്ട പ്രദേശത്ത് കടുവയെ കുടുക്കാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ട്. പുൽപ്പള്ളി നഗരത്തോട് ചേർന്ന ഏരിയപ്പള്ളിയിൽ ഞായറാഴ്ച അർധരാത്രിയോടെ കടുവ റോഡ് മുറിച്ചുകടക്കുന്നത് കണ്ടതായി നാട്ടുകാർ അറിയിച്ചു. ഇത് ജനങ്ങൾക്കിടയിൽ വലിയ പരിഭ്രാന്തി പരത്തിയിട്ടുണ്ട്.(Tiger scare in Pulpally, Cage installed)
ദേവർഗദ്ധയിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയുള്ള മാടപ്പള്ളി കുന്നിൽ കാലിന് പരിക്കേറ്റ നിലയിൽ ഒരു കടുവയെ ഇന്നലെ വൈകിട്ട് കണ്ടിരുന്നു. മാരനെ ആക്രമിച്ച കടുവ തന്നെയാണോ ഇതെന്ന് വനംവകുപ്പ് പരിശോധിച്ചുവരികയാണ്.
കാപ്പി സെറ്റ്, ദേവർഗദ്ദ മേഖലകളിൽ വനംവകുപ്പിന്റെ പ്രത്യേക സംഘം രണ്ട് ദിവസമായി രാത്രികാല പട്രോളിങ് നടത്തുന്നുണ്ട്. പ്രദേശത്തെ ജനങ്ങൾ രാത്രി പുറത്തിറങ്ങരുതെന്ന് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.