സ്കൂട്ടറിൽ സഞ്ചരിച്ച ദമ്പതികളെ ഇടിച്ചുതെറിപ്പിച്ച് കാർ നിർത്താതെ പോയി; ഭാര്യ ആശുപത്രിയിൽ
Sep 7, 2023, 12:46 IST

കോഴിക്കോട്: കൂടരഞ്ഞിയിൽ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളെ കാർ ഇടിച്ചുതെറിപ്പിച്ചതിന് ശേഷം നിർത്താതെ പോയി. ഭർത്താവ് പ്രഭാകരനൊപ്പം യാത്ര ചെയ്യുകയായിരുന്ന കാരശ്ശേരി പാറതോട് കളിരാങ്ങൽ മാലതിക്കാണ് (55) ഗുരുതര പരുക്കേറ്റത്.
പ്രഭാകരൻ സാരമായ പരുക്കില്ലാതെ രക്ഷപ്പെട്ടു. കൂടരഞ്ഞി – മുക്കം റോഡിൽ തോണക്കര ഭാഗത്ത് വച്ചാണ് അപകടം സംഭവിച്ചത്. മാലതിയെ ഉടൻ തന്നെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇടിച്ച കാർ കണ്ടെത്താൻ തിരുവമ്പാടി പൊലീസ് അന്വേഷണം ആരംഭിച്ചു.
