കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കോൺഗ്രസ് നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അയ്യപ്പന്റെ ഒരു തരി സ്വർണ്ണം പോലും നഷ്ടപ്പെടാൻ പാടില്ലെന്ന നിലപാടിൽ പാർട്ടി ഉറച്ചുനിൽക്കുകയാണെന്നും കുറ്റവാളികൾ ആരായാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.(Opportunistic change of stance, MV Govindan against Congress in Sabarimala gold theft case)
കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി, സ്വർണ്ണ വ്യാപാരി ഗോവർധൻ എന്നിവർ സോണിയ ഗാന്ധിയെ സന്ദർശിച്ചതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. മുൻ മുഖ്യമന്ത്രി കെ. കരുണാകരന് പോലും അപ്പോയിന്റ്‌മെന്റ് ലഭിക്കാൻ ബുദ്ധിമുട്ടുള്ള സോണിയ ഗാന്ധിയെ കാണാൻ ഈ പ്രതികൾക്ക് എങ്ങനെ അവസരം ലഭിച്ചുവെന്ന് കോൺഗ്രസ് വ്യക്തമാക്കണം. യുഡിഎഫ് കൺവീനർ അടൂർ പ്രകാശും ആന്റോ ആന്റണി എംപിയും പ്രതികൾക്കൊപ്പം ഈ ചിത്രങ്ങളിലുണ്ട്. ഇവർ വഴിയാണോ പ്രതികൾ സോണിയ ഗാന്ധിയെ കണ്ടതെന്ന് ജനങ്ങൾക്കറിയണം എന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി നിയോഗിച്ച എസ്.ഐ.ടി അന്വേഷണത്തെ ആദ്യം പിന്തുണച്ച യുഡിഎഫ്, ഇപ്പോൾ അന്വേഷണം തങ്ങളുടെ നേതാക്കളിലേക്ക് നീങ്ങുന്നത് കണ്ടപ്പോൾ നിലപാട് മാറ്റുകയാണ്. അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ എസ്.ഐ.ടിയിൽ വിശ്വാസമില്ലെന്ന് പറയുന്നത് അന്വേഷണം അട്ടിമറിക്കാനാണ്. അയ്യപ്പന്റെയോ വിശ്വാസികളുടെയോ പണം തട്ടുന്ന പാർട്ടിയല്ല സി.പി.എം. ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ വോട്ടാക്കാൻ യുഡിഎഫ് ശ്രമിക്കുമ്പോൾ, കുറ്റവാളികളെ പിടികൂടാനാണ് സർക്കാർ ശ്രമിക്കുന്നത്. മുഖ്യപ്രതികളുമായി കോൺഗ്രസ് നേതാക്കൾക്കുള്ള ഗൂഢമായ ബന്ധം കേരള ജനത തിരിച്ചറിയണമെന്നും അന്വേഷണം സത്യസന്ധമായി മുന്നോട്ട് പോകുമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.