തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്നെ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം വിളിപ്പിച്ചിട്ടില്ലെന്ന് അടൂർ പ്രകാശ്. ഇത്തരമൊരു വാർത്ത താൻ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും തന്നെ ആരും ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുടെ ഇടപെടലുകളാണ് ഇത്തരം വാർത്തകൾക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.(SIT has not summoned me for questioning, Adoor Prakash in Sabarimala gold theft case)
തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ല. ഇനി വിളിച്ചാൽ തന്നെ ഹാജരാകാൻ തയ്യാറാണ്. തനിക്ക് ഒരു ഭയവുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിനെ ഇതിനായി ദുരുപയോഗം ചെയ്യുകയാണ്. പി. ശശിയാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
"കൊള്ളക്കാരനാണെന്ന് അറിഞ്ഞുകൊണ്ടല്ല പോറ്റിയെ കണ്ടത്. ശബരിമല അന്നദാനത്തിന് ക്ഷണിച്ചതുകൊണ്ടാണ് പോയത്. അവിടെ വെച്ചാണ് അവരെ കാണുന്നത്." - അടൂർ പ്രകാശ് വിശദീകരിച്ചു. താൻ ഡൽഹിയിൽ പോയത് സോണിയ ഗാന്ധിയെ കാണാനല്ല. ഇതിനായി അപ്പോയിൻമെന്റ് ഒന്നും എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.