കാസർഗോഡ്: മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെയുണ്ടായ ഷോർട്ട് സർക്യൂട്ടിനെത്തുടർന്ന് വീടിന് തീപിടിച്ചു. കാസർഗോഡ് ഭഗവതീ നഗറിലെ ചിത്രകുമാരിയുടെ ഓട് മേഞ്ഞ വീടിന്റെ കിടപ്പുമുറിക്കാണ് തീപിടിച്ചത്. വീട്ടുകാർ ഉടനടി വിവരമറിയിച്ചതിനെത്തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.(Short circuit while charging mobile phone, House catches fire)
കിടപ്പുമുറിയിലുണ്ടായിരുന്ന അലമാര, കട്ടിൽ, മെത്ത, മേശ, മറ്റ് സാധനസാമഗ്രികൾ, സീലിംഗ് എന്നിവ പൂർണ്ണമായും കത്തിനശിച്ചു. ഏകദേശം അരലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുകാർ കണക്കാക്കുന്നു.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി.എൻ. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്. ഇ. പ്രസീദ്, ജെ.എ. അഭയ് സെൻ, ജെ.ബി. ജിജോ, എ. രാജേന്ദ്രൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ചിത്രകുമാരിയും കൊച്ചുമകനും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്.