Times Kerala

 കടം വാങ്ങിയ പണം തിരികെ നൽകിയില്ല; യുവാവിന് ക്രൂരമർദനം, മൂന്നുപേർ കസ്റ്റഡിയിൽ

 
 കടം വാങ്ങിയ പണം തിരികെ നൽകിയില്ല; യുവാവിന് ക്രൂരമർദനം, മൂന്നുപേർ കസ്റ്റഡിയിൽ

കുന്ദമംഗലം: കടം വാങ്ങിയ പണം തിരികെനൽകാത്തതിന് യുവാവിന് ക്രൂര മർദനം. സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷാനിദ് (37) എന്ന മുക്കം സ്വദേശിയായ യുവാവിനാണ് മർദനമേറ്റത്. ഇയാൾ ഒരു സുഹൃത്തിൽനിന്നും 33,000 രൂപ കടം വാങ്ങിയിരുന്നു. ഈ മാസം 15ന് ആണ് സംഭവം നടന്നത്. 

ഇത് പലതവണയായി തിരിച്ചുചോദിച്ചെങ്കിലും ഷാനിദ് നൽകിയിരുന്നില്ല. ഇതേ തുടർന്ന് സുഹൃത്ത് മറ്റു രണ്ടുപേരോടൊപ്പം പണം ചോദിക്കാൻ എത്തുകയും കാറിൽ ഷാനിദിനെ കെ.എം.സി.ടി ജങ്ഷനിൽവെച്ച് കയറ്റുകയും ചെയ്തു. തുടർന്ന് വെസ്റ്റ് മണാശ്ശേരിയിൽ വെച്ച് ക്രൂരമായി മർദിക്കുകയായിരുന്നു.

പരിക്കേറ്റ യുവാവിനെ ആദ്യം കെ.എം.സി.ടി ആശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അതേസമയം മർദനമേറ്റ യുവാവ് വീട്ടുകാരോട് പറഞ്ഞത് അപസ്മാരം വന്നതുകൊണ്ടാണ് ആശുപത്രിയിൽ അഡ്മിറ്റ്‌ ആയതെന്നാണ്. യുവാവിന്റെ സഹോദരൻ കുന്ദമംഗലം പൊലീസ് സ്റ്റേഷനിൽ ഞായറാഴ്ച നൽകിയ പരാതിയെ തുടർന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

Related Topics

Share this story