ഉപ്പുതറയിൽ യുവതിയെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവ് ഒളിവിൽ, തിരച്ചിൽ ഊർജ്ജിതം | Upputhara Rajani Death Case

ഉപ്പുതറയിൽ യുവതിയെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവ് ഒളിവിൽ, തിരച്ചിൽ ഊർജ്ജിതം | Upputhara Rajani Death Case

Published on

ഇടുക്കി: ഉപ്പുതറ മത്തായിപ്പാറ എം.സി കവലയ്ക്ക് സമീപം യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മലയക്കാവിൽ രജനി സുബിൻ (38) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഭർത്താവും ഓട്ടോ ഡ്രൈവറുമായ സുബിനായി (രതീഷ് - 43) പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

ചൊവ്വാഴ്ച വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലെത്തിയ ഇളയ മകൻ രാജീവ് ആണ് രജനിയെ കട്ടിലിൽ രക്തം വാർന്ന നിലയിൽ കണ്ടെത്തിയത്. മകൻ നിലവിളിച്ചുകൊണ്ട് പുറത്തേക്കോടി അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പഞ്ചായത്ത് അംഗവും ഉപ്പുതറ പോലീസും സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. തലയ്ക്കേറ്റ മാരകമായ പരിക്കാണ് മരണകാരണമെന്ന് പോലീസ് സ്ഥിരീകരിച്ചു.

കൊലപാതകമെന്ന് സംശയം

കുടുംബവഴക്കിനെത്തുടർന്നുള്ള കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന് ശേഷം സുബിൻ പരപ്പിൽ നിന്ന് ബസ് കയറി രക്ഷപ്പെട്ടതായി നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്. ഇയാൾക്കായി പീരുമേട് ഡി‌വൈ‌എസ്പി വിശാൽ ജോൺസന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം തിരച്ചിൽ നടത്തുന്നു.

ദമ്പതികൾക്കിടയിൽ കലഹം പതിവായിരുന്നുവെന്നും പോലീസ് സ്റ്റേഷനിൽ ഇതുമായി ബന്ധപ്പെട്ട് മുൻപ് കേസുകൾ ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇടയ്ക്ക് പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയ രജനി ഒരു മാസം മുൻപാണ് തിരികെ എത്തി സുബിനൊപ്പം താമസം തുടങ്ങിയത്.

മക്കൾ: രേവതി (ഡിഗ്രി വിദ്യാർത്ഥിനി), രതിൻ (പ്ലസ് ടു വിദ്യാർത്ഥി), രാജീവ് (പത്താം ക്ലാസ് വിദ്യാർത്ഥി).

മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. ഇടുക്കിയിൽ നിന്നുള്ള ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

Times Kerala
timeskerala.com