

പൂഞ്ഞാർ: പാതാമ്പുഴ മലയിഞ്ചിപ്പാറ സെയ്ന്റ് ജോസഫ് യുപി സ്‌കൂളിലെ 31 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ബുധനാഴ്ച സ്‌കൂളിൽ നിന്ന് നൽകിയ ഉച്ചഭക്ഷണം കഴിച്ചവർക്കാണ് ശാരീരിക അസ്വസ്ഥതകളുണ്ടായത്.
ബുധനാഴ്ച ഉച്ചയ്ക്ക് ചോറിനൊപ്പം പയറും മോരുമാണ് കുട്ടികൾക്ക് ഭക്ഷണമായി നൽകിയത്. വൈകുന്നേരം സ്‌കൂൾ വിടാറായപ്പോഴാണ് പല കുട്ടികൾക്കും തളർച്ചയും ഛർദ്ദിയും അനുഭവപ്പെട്ടത്. ചില കുട്ടികൾ വീട്ടിലെത്തിയ ശേഷമാണ് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചത്.
അസ്വസ്ഥത കാണിച്ച കുട്ടികളെ ഉടൻ തന്നെ പൂഞ്ഞാർ തെക്കേക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി എല്ലാവരെയും പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
സ്‌കൂളിലെ ആകെ 53 കുട്ടികളിൽ 31 പേർക്കാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടത്. നിലവിൽ കുട്ടികളുടെ ആരോഗ്യനില ആശങ്കാജനകമല്ലെന്ന് പാലാ ജനറൽ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. അഭിലാഷ് അറിയിച്ചു. മുൻകരുതൽ എന്ന നിലയിൽ കുട്ടികളെ നിരീക്ഷിച്ചു വരികയാണ്.
സംഭവത്തെത്തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്‌കൂളിലെത്തി ഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റെയും സാമ്പിളുകൾ ശേഖരിച്ചു. ഉച്ചഭക്ഷണം തയ്യാറാക്കിയ രീതിയിലും ഉപയോഗിച്ച സാധനങ്ങളിലും എന്തെങ്കിലും പോരായ്മകൾ ഉണ്ടോ എന്ന് പരിശോധിച്ചു വരികയാണ്.