തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറു സീറ്റുകൾ കടന്ന് 110 സീറ്റുകളെന്ന വലിയ ലക്ഷ്യത്തിലേക്ക് എൽഡിഎഫ് നീങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാരുമായി നടത്തിയ പ്രത്യേക കൂടിക്കാഴ്ചയിലാണ് അദ്ദേഹം തന്റെ രാഷ്ട്രീയ കണക്കുകൂട്ടലുകൾ പങ്കുവെച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയിൽ നിരാശരായ മന്ത്രിമാർക്കും പാർട്ടി പ്രവർത്തകർക്കും ആത്മവിശ്വാസം പകരുകയായിരുന്നു മുഖ്യമന്ത്രിയുടെ പ്രധാന ലക്ഷ്യം.
സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് കൃത്യമായി എത്തിക്കണം. വികസന നേട്ടങ്ങൾ വോട്ടായി മാറാത്ത സാഹചര്യം ഒഴിവാക്കാൻ ഊർജ്ജിതമായ പ്രചാരണം വേണം. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഒരു താത്കാലിക പ്രതിഭാസം മാത്രമാണ്. വികസന കാര്യങ്ങൾ ജനങ്ങളിലെത്തിക്കുന്നതിൽ ഉണ്ടായ വീഴ്ചയാണ് അവിടെ സംഭവിച്ചത്. ഇത് നിയമസഭാ തിരഞ്ഞെടുപ്പിൽ ആവർത്തിക്കില്ല. മന്ത്രിമാർ മുതൽ താഴെത്തട്ടിലുള്ള പ്രവർത്തകർ വരെ ഒറ്റക്കെട്ടായി ഇറങ്ങിയാൽ ഇത്തവണ എൽഡിഎഫ് 3.0 സാധ്യമാകും-മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ തവണ എൽഡിഎഫിന് തിരിച്ചടിയുണ്ടായ മണ്ഡലങ്ങളിലും പ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ ചെലുത്താനും മന്ത്രിമാർക്ക് നിർദ്ദേശം നൽകി. 2021-ലെ തിരഞ്ഞെടുപ്പിൽ 99 സീറ്റുകൾ നേടിയാണ് എൽഡിഎഫ് തുടർച്ചയായ രണ്ടാം ഭരണം ഉറപ്പാക്കിയത്. ഇത്തവണ സർക്കാരിന്റെ വികസനത്തുടർച്ചയും ക്ഷേമപ്രവർത്തനങ്ങളും മുൻനിർത്തി 110 സീറ്റുകൾ വരെ നേടാമെന്നാണ് മുഖ്യമന്ത്രിയുടെ കണക്കുകൂട്ടൽ.
തിരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് മുന്നണി പൂർണ്ണമായി കടന്നതോടെ, വരും ദിവസങ്ങളിൽ സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണ്ണയവും ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് എൽഡിഎഫ് ഔദ്യോഗികമായി കടക്കും.