

മദീന: മദീനയ്ക്ക് സമീപം ശനിയാഴ്ചയുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒമ്പത് വയസ്സുകാരി ഹാദിയ ഫാത്തിമ ബുധനാഴ്ച മരണത്തിന് കീഴടങ്ങി. മലപ്പുറം മഞ്ചേരി സ്വദേശി അബ്ദുൽ ജലീലിന്റെയും തസ്‌നയുടെയും മകളാണ് ഹാദിയ.
അപകടത്തിൽ മരിച്ച ഹാദിയയുടെ പിതാവ് അബ്ദുൽ ജലീൽ (52), മാതാവ് തസ്‌ന (40), സഹോദരൻ ആദിൽ (14), പിതാമഹി മൈമൂനത്ത് (73) എന്നിവരുടെ കബറടക്കം ബുധനാഴ്ച മദീനയിൽ നടന്നിരുന്നു. മസ്ജിദുന്നബവിയിൽ നടന്ന മയ്യിത്ത് നമസ്‌കാരത്തിന് ശേഷം ഇവരെ ഖബറടക്കി മണിക്കൂറുകൾ പിന്നിടുമ്പോഴാണ് ഹാദിയയുടെ മരണവാർത്തയും പുറത്തുവരുന്നത്.
മദീന സന്ദർശനം കഴിഞ്ഞ് ജിദ്ദയിലേക്ക് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച ജിഎംസി വാഹനം തീറ്റപ്പുല്ല് കയറ്റിവന്ന ട്രെയിലറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ജിദ്ദ-മദീന ഹൈവേയിലെ വാദി ഫറഅ് എന്ന സ്ഥലത്തുവെച്ചായിരുന്നു ദുരന്തം. ഒരേ ദിശയിൽ സഞ്ചരിച്ചിരുന്ന ട്രെയിലർ പെട്ടെന്ന് റോഡിലേക്ക് വിലങ്ങനെ തിരിഞ്ഞതാണ് കൂട്ടിയിടിക്ക് കാരണമായത്.
അപകടത്തിൽപ്പെട്ട മറ്റൊരുകുട്ടി ആയിഷ ചികിത്സയിൽ തുടരുകയാണ്. ഏഴു വയസ്സുകാരി നൂറ നേരത്തെ ആശുപത്രി വിട്ടിരുന്നു. ഒരു കുടുംബത്തിലെ അഞ്ച് പേരുടെ വിയോഗം മഞ്ചേരി വെള്ളില ഗ്രാമത്തെയും സൗദിയിലെ പ്രവാസി സമൂഹത്തെയും ഒരുപോലെ കണ്ണീരിലാഴ്ത്തി. ഹാദിയ ഫാത്തിമയുടെ കബറടക്കവും മദീനയിൽ തന്നെ നടക്കും.