തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റികളിലേക്കുള്ള തിരഞ്ഞെടുപ്പിനിടെ ബിജെപി കൗൺസിലർ ആർ. ശ്രീലേഖയുടെ വോട്ട് അസാധുവായി. നഗരാസൂത്രണ കമ്മിറ്റിയിലേക്കുള്ള വോട്ടെടുപ്പിലാണ് സാങ്കേതിക പിഴവുമൂലം വോട്ട് നഷ്ടമായത്. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമായി ബാലറ്റ് പേപ്പറിൽ കൗൺസിലർമാർ ഒപ്പിടേണ്ടതുണ്ട്. എന്നാൽ വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് പേപ്പറിൽ ഒപ്പിടാൻ ശ്രീലേഖ മറന്നുപോയതാണ് വോട്ട് അസാധുവാകാൻ കാരണമായത്. നഗരസഭയിലെ ശാസ്തമംഗലം വാർഡിൽ നിന്നുള്ള ബിജെപി കൗൺസിലറാണ് ആർ. ശ്രീലേഖ.
സാധാരണയായി പുതിയ കൗൺസിലർമാർക്കിടയിൽ ഇത്തരം പിഴവുകൾ സംഭവിക്കാറുണ്ടെങ്കിലും, ഉന്നത പോലീസ് ഉദ്യോഗസ്ഥയായിരുന്ന ഒരാൾക്ക് ഇത്തരം ഒരു സാങ്കേതിക പിഴവ് സംഭവിച്ചത് നഗരസഭയ്ക്കുള്ളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. നിയമങ്ങളും നടപടിക്രമങ്ങളും കൃത്യമായി അറിയുന്ന ഒരു മുൻ ഡിജിപിക്ക് ഇത്തരമൊരു വീഴ്ച സംഭവിച്ചത് രാഷ്ട്രീയ എതിരാളികൾ ആയുധമാക്കുന്നുണ്ട്.
ഇതൊരു സ്വാഭാവികമായ പിഴവ് മാത്രമാണെന്നും മനഃപൂർവ്വമല്ലെന്നുമാണ് ബിജെപി കേന്ദ്രങ്ങളുടെ വിശദീകരണം.
തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് വരെ ബിജെപി പരിഗണിച്ചിരുന്ന പ്രമുഖ വ്യക്തിത്വമായതിനാൽ തന്നെ ശ്രീലേഖയുടെ ഈ വീഴ്ച രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ കൗതുകത്തോടെയാണ് വീക്ഷിക്കപ്പെടുന്നത്.