കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ കേസിൽ പിടിയിലായ ആൾ തൂങ്ങിമരിച്ച നിലയിൽ; സംഭവം കാസർഗോഡ് ഉപ്പളയിൽ | KSRTC Bus Stone Pelting Case

Medical Student Death
Updated on

കാസർഗോഡ്: മംഗളൂരു - കാസർഗോഡ് റൂട്ടിലോടുന്ന കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞതിന് പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉപ്പള മണ്ണംകുഴി പുതുക്കുടി സ്വദേശി ഹമീദ് അലി (65) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇദ്ദേഹത്തെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മംഗളൂരുവിൽ നിന്ന് കാസർഗോട്ടേക്ക് വരികയായിരുന്ന കേരള കെഎസ്ആർടിസി ബസിനു നേരെ തലപ്പാടിയിൽ വെച്ച് ഹമീദ് അലി കല്ലെറിയുകയായിരുന്നു. കല്ലേറിൽ ബസിന്റെ പിൻഭാഗത്തെ ചില്ല് തകർന്നു.

സംഭവം നടന്ന ഉടൻ തന്നെ മഞ്ചേശ്വരം പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു. എന്നാൽ കുറ്റകൃത്യം നടന്ന സ്ഥലം കർണാടക പരിധിയിലായതിനാൽ ഹമീദ് അലിയെ ഉള്ളാൽ പോലീസിന് കൈമാറി. ഉള്ളാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത ശേഷം ഇദ്ദേഹത്തെ വിട്ടയച്ചിരുന്നു.

മഞ്ചേശ്വരത്തേക്ക് വരാനായി താൻ തലപ്പാടിയിൽ വെച്ച് മൂന്ന് ബസുകൾക്ക് കൈ കാണിച്ചിട്ടും നിർത്താതെ പോയതിലുള്ള ദേഷ്യം കാരണമാണ് കല്ലെറിഞ്ഞതെന്ന് ഹമീദ് അലി പോലീസിനോട് പറഞ്ഞിരുന്നു. ഈ സംഭവത്തിന് പിന്നാലെ നാട്ടിലും വീട്ടിലും ഉണ്ടായ മാനസിക വിഷമമാണോ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് പരിശോധിച്ച് വരികയാണ്.

മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. മഞ്ചേശ്വരം പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com