കോഴിക്കോട്: വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ച സ്ട്രോങ്ങ് റൂമുകൾക്ക് സമീപത്തെ മെറ്റീരിയൽ റൂം തുറന്ന സംഭവത്തിൽ കൊയിലാണ്ടി, പേരാമ്പ്ര റിട്ടേണിംഗ് ഓഫീസർമാരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺകുമാർ. ഈ ആവശ്യം ഉന്നയിച്ച് യുഡിഎഫ് നാളെ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.(Strong Room Controversy, Kozhikode DCC President wants ROs to be prosecuted)
സംഭവത്തിൽ ജില്ലാ കളക്ടറുടെ ഭാഗത്തുനിന്ന് ഗുരുതരമായ അനാസ്ഥയുണ്ടായെന്നും നടപടികളിൽ ദുരൂഹതയുണ്ടെന്നും പ്രവീൺകുമാർ ആരോപിച്ചു. സ്ട്രോങ്ങ് റൂമിന് സമീപം മെറ്റീരിയൽ റൂം സ്ഥാപിക്കാൻ അനുമതി നൽകിയത് ആരാണെന്ന് അദ്ദേഹം ചോദിച്ചു. പേരാമ്പ്ര, കൊയിലാണ്ടി ആർ.ഒമാർ സിപിഎം പശ്ചാത്തലമുള്ളവരാണെന്നും അനധികൃത ഇടപെടലുകളിൽ കളക്ടർക്ക് പങ്കുണ്ടോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തിൽ എൻഡിഎ പ്രതികരിക്കാത്തത് ദുരൂഹമാണെന്നും കോൺഗ്രസ് ആരോപിക്കുന്നു. മെറ്റീരിയൽ റൂം തുറക്കാൻ പോകുന്നു എന്ന അറിയിപ്പ് പേരാമ്പ്രയിലെ സ്ഥാനാർത്ഥി ഫാത്തിമ തഹലിയ പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ സ്ട്രോങ്ങ് റൂമിന് സമീപത്തെ റൂം ഇത്തരത്തിൽ തുറന്നതാണ് ഗൗരവകരമായ വിഷയമെന്നും ഫാത്തിമ തഹലിയ അറിയിച്ചോ ഇല്ലയോ എന്നതല്ല പ്രധാനമെന്നും പ്രവീൺകുമാർ വ്യക്തമാക്കി.

