സോളാർ ഗൂഢാലോചന അന്വേഷണം; ഇന്ന് ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി ചർച്ച ചെയ്യും

ന്യൂഡൽഹി: സോളാര്‍ പീഡനക്കേസിലെ ഗൂഢാലോചന നടന്നതുമായി ബന്ധപ്പെട്ട അന്വേഷണം സംബന്ധിച്ച് ഇന്ന് ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി ചര്‍ച്ച ചെയ്യും. നേരത്തെ അന്വേഷണം സംബന്ധിച്ച് നേതാക്കള്‍ നടത്തിയ വ്യത്യസ്ത അഭിപ്രായം ഈ വിഷയത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായമുണ്ടെന്ന ചര്‍ച്ചയ്ക്ക് വഴിവച്ചിരുന്നു. വിഷയത്തിലെ ഭിന്നാഭിപ്രായം പാര്‍ട്ടിക്ക് തിരിച്ചടിയായെന്ന നിഗമനത്തെ തുടര്‍ന്നാണ് രാഷ്ട്രീയകാര്യ സമിതി വിഷയം ചര്‍ച്ച ചെയ്യാനുള്ള തീരുമാനം.

വിഷയത്തില്‍ അഭിപ്രായ ഐക്യത്തില്‍ എത്താന്‍ എ കെ ആന്റണി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് രാഷ്ട്രീയകാര്യ സമിതി അന്വേഷണം സംബന്ധിച്ച നിലപാട് ചർച്ചയാകുന്നത്. പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷമായിരിക്കും രാഷ്ട്രീയകാര്യ സമിതി യോഗം. കഴിഞ്ഞ ദിവസം എകെ ആന്റണിയുടെ സാന്നിധ്യത്തില്‍ മുതിര്‍ന്ന നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ ശക്തിപ്പെടുത്താനും യോഗത്തില്‍ ധാരണയായി.
നേരത്തെ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെല്ലാം സോളാര്‍ പീഡനക്കേസിലെ അന്വേഷണം സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് മാധ്യമങ്ങളോട് പങ്കുവച്ചത്. മുഖ്യമന്ത്രി ഒന്നാം പ്രതി ആകേണ്ട കേസ് മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊലീസ് അന്വേഷിക്കണ്ടെന്നും സിബി അന്വേഷണം മതിയെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടത്.സിബിഐ അന്വേഷണം നടന്നില്ലെങ്കില്‍ നിയമനടപടികളുമായി പോകാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചിരുന്നു.