ദിലീപിന്റെ വീട്ടിലെ റെയ്ഡ് തോക്ക് തേടി?

 ദിലീപിന്റെ വീട്ടിലെ റെയ്ഡ് തോക്ക് തേടി? 
 കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന  നടത്തിയെന്ന കേസില്‍ നടൻ ദിലീപിന്റെയും സഹോദരൻ അനൂപിന്റെയും വീടുകളിലും നിര്‍മാണക്കമ്പനിയിലും റെയ്ഡ് നടത്തുന്നത് ഒരു തോക്ക് തേടിയെന്ന് സൂചന. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ മൊഴിയില്‍ ഒരു തോക്കിനെ കുറിച്ച് പറയുന്നുണ്ടെന്നും റെയ്ഡില്‍ പ്രധാനമായും ഈ തോക്കാണ് അന്വേഷിക്കുന്നതുമെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. എന്നാല്‍, ഇക്കാര്യം അന്വേഷണ സംഘം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.ബാലചന്ദ്ര കുമാറിന്റെ മൊഴികളില്‍ പറയുന്ന മറ്റു വസ്തുതകള്‍ സ്ഥിരീകരിക്കുന്നതിനുള്ള തെളിവുകളും അന്വേഷണ സംഘം തേടുന്നുണ്ട്. സൈബര്‍ വിദഗ്ധരും റെയ്ഡ് നടത്തുന്ന സംഘത്തിലുണ്ടെന്നാണ് വിവരം. പത്മസരോവരത്തില്‍ വച്ചാണ് ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണി മുഴക്കിയതെന്നാണ് ബാലചന്ദ്ര കുമാറിന്റെ മൊഴി. ഇതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Share this story