കോട്ടയം: ക്രൈസ്തവ സമൂഹത്തിന് നേരെ രാജ്യത്തുണ്ടാകുന്ന അതിക്രമങ്ങളിൽ ഓർത്തഡോക്‌സ് സഭാ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ ബിജെപി നേതൃത്വം അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോട്ടയം ദേവലോകം അരമനയിലെത്തി സഭാ അധ്യക്ഷനെ കണ്ടത്.(BJP's persuasive move, Rajeev Chandrasekhar meets Orthodox Church president)
കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ബാവാ നടത്തിയ പ്രസ്താവനകൾ ഭരണകൂടത്തെയും സംഘപരിവാർ സംഘടനകളെയും പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു. ബജ്‌റങ്ദളും വിഎച്ച്പിയും മതന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണ്. മതഭ്രാന്തന്മാരെ നിയന്ത്രിക്കാൻ ഭരണകർത്താക്കൾക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കന്യാസ്ത്രീകൾക്കും വൈദികർക്കും നേരെയുള്ള അതിക്രമങ്ങൾ പള്ളിക്കുള്ളിലെ ആരാധനയ്ക്ക് നേരെയാകാൻ അധികം താമസമില്ലെന്ന് ബാവാ ആശങ്കപ്പെട്ടു. ഭരണകൂടം ഇത്തരം വിഭാഗങ്ങൾക്ക് ഒത്താശ ചെയ്യുകയും ഓശാന പാടുകയും ചെയ്യുമ്പോൾ ന്യൂനപക്ഷങ്ങൾ തമസ്‌കരിക്കപ്പെടും. ഇവിടുത്തെ ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഈ രാജ്യത്ത് ജനിച്ചുവളർന്ന പൗരന്മാരാണെന്നും അവർക്ക് ഇവിടെ ജീവിക്കാൻ പൂർണ്ണ അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സഭാ അധ്യക്ഷന്റെ വിമർശനം രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന് കണ്ടാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ നേരിട്ടെത്തി ചർച്ച നടത്തിയത്.