പുൽപറ്റ സ്വദേശി കാപ്പ നിയമപ്രകാരം അറസ്റ്റിൽ
Nov 17, 2023, 19:10 IST

മഞ്ചേരി: നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളിയെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു. മഞ്ചേരി പുൽപറ്റ സ്വദേശി ഒറ്റക്കണ്ടത്തിൽ പീടിയേക്കൽ വീട്ടിൽ ഷംസുദ്ദീനെയാണ്(48) അറസ്റ്റ് ചെയ്തത്. കാളികാവിൽനിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. മഞ്ചേരി, എടവണ്ണ, കരുവാരകുണ്ട്, വണ്ടൂർ, കാളികാവ്, നിലമ്പൂർ പൊലീസ് സ്റ്റേഷനുകളിലായി നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ ഷംസുദ്ദീൻ ജില്ലയിലെ മയക്കുമരുന്ന് വിതരണക്കാരിൽ പ്രധാനിയാണെന്ന് പൊലീസ് പറഞ്ഞു. സ്കൂൾ കുട്ടികൾക്കടക്കം മയക്കുമരുന്ന് വിൽപന നടത്തിയതിന് ഇയാളുടെ പേരിൽ കേസുണ്ട്.
ജില്ല പൊലീസ് മേധാവിയുടെ സ്പെഷൽ റിപ്പോർട്ട് പ്രകാരം കലക്ടർ വി.ആർ. വിനോദാണ് ഉത്തരവിറക്കിയത്. ഇയാളെ വിയ്യൂർ സെൻട്രൽ ജയിലിൽ ഹാജരാക്കി തടങ്കലിലാക്കി. ആറ് മാസത്തേക്കാണ് തടവ്. മഞ്ചേരി പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലെ സംഘമാണ് പ്രതിയെ പിടികൂടിയത്.