തിരുവനന്തപുരം: ഡൽഹിയിലെ സിപിഐഎം കേന്ദ്ര കമ്മിറ്റി ഓഫീസിൽ കടന്നുകയറി എസ്എഫ്‌ഐ നേതാവും ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്റുമായ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് നടത്തിയ ശ്രമം പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ (Pinarayi Vijayan).
കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് അനുസരിച്ചാണ് ഡൽഹി പൊലീസ് പ്രവർത്തിക്കുന്നതെന്നും ഇത് കടുത്ത ജനാധിപത്യ ലംഘനവും പൗരന്മാരുടെ ഭരണഘടനാ അവകാശങ്ങളോടുള്ള വെല്ലുവിളിയുമാണെന്നും പിണറായി വിജയൻ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.
കോടതിയുടെ പരിഗണനയിലുള്ള പഴയ കേസിന്റെ പേരിൽ രാഷ്ട്രീയ പാർട്ടിയുടെ ഓഫീസിൽ പ്രവേശിച്ച് അറസ്റ്റ് നടത്താൻ ശ്രമിച്ചത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ജന്തർ മന്തറിൽ കേന്ദ്ര സർക്കാരിനും സംഘപരിവാർ സംഘടനകൾക്കുമേറ്റ തിരിച്ചടിയുടെ ജാള്യത മറയ്ക്കാനുള്ള പ്രതികാര നടപടിയായാണ് സംഭവത്തെ കാണുന്നതെന്നും പിണറായി വിജയൻ വ്യക്തമാക്കി.
വിദ്യാർഥി പ്രസ്ഥാനങ്ങളുടെ പ്രതിഷേധങ്ങളെ കള്ളക്കേസുകൾ ചുമത്തി അടിച്ചമർത്താനാകില്ലെന്നും അഭിപ്രായ വ്യത്യാസങ്ങൾ പ്രകടിപ്പിക്കുന്നവരെ ഭയപ്പെടുത്തി നിശബ്ദരാക്കാനുള്ള ശ്രമങ്ങൾ വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം നടപടികൾക്ക് മുന്നിൽ എസ്എഫ്‌ഐയും ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനങ്ങളും പിന്മാറില്ലെന്നും കേന്ദ്ര സർക്കാർ മനസിലാക്കണമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
Story Summary:
Opposition leader Pinarayi Vijayan criticized the Delhi Police action at the CPI(M) central office, alleging it was a violation of democratic rights. He said attempts to suppress student movements through cases and intimidation would not succeed.


