പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ കൊച്ചിക്കടുത്ത് മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി (Perumbavoor man found dead). ചേലാമറ്റം ട്രാവൻകൂർ റയോൺസ് ക്വാർട്ടേഴ്സ് റോഡിന് സമീപം പാലായിൽ വീട്ടിൽ താമസിച്ചിരുന്ന മുസ്തഫ (65)യാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെയാണ് മുസ്തഫയുടെ മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തിയത്. ഒറ്റയ്ക്കായിരുന്നു താമസം. സമീപത്ത് താമസിക്കുന്ന മകൻ പിതാവിനെ കാണാനെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിന്റെ തലയുടെ പിൻഭാഗത്ത് രക്തം ഉണങ്ങിപ്പിടിച്ച നിലയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പെരുമ്പാവൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പിന്നിലേക്ക് മറിഞ്ഞുവീണ് തലയിൽ ഗുരുതരമായി പരിക്കേറ്റതാകാമെന്നാണ് പ്രാഥമിക നിഗമനം. മരണത്തിന്റെ യഥാർഥ കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷമേ വ്യക്തമാകൂ.
ഭാര്യ സെറീനയാണ്. മക്കൾ മുഹമ്മദ് ഷബീർ, ഷെമി. മരുമകൻ അഷറഫ്. പെരുമ്പാവൂർ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി. തുടർന്ന് ഖബറടക്കം നടത്തി.
Story Summary:
A 65-year-old man was found dead inside his house near Perumbavoor in Ernakulam district. Police suspect he may have suffered a fatal head injury after a fall, and an investigation is underway.


