തിരുവനന്തപുരം: പേരൂർക്കട ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിലെ ഗുരുതര പ്രശ്നങ്ങൾ പരിഹരിക്കാൻ ആരോഗ്യവകുപ്പ് സമഗ്ര മാസ്റ്റർപ്ലാൻ പ്രഖ്യാപിച്ചു. ഹൈക്കോടതി നേരിട്ട് നടത്തിയ പരിശോധനയിൽ ആശുപത്രിയിലെ പരിതാപകരമായ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് അടിയന്തര നടപടികളുമായി സർക്കാർ രംഗത്തെത്തിയത്. ആരോഗ്യ മന്ത്രി കെ. മുരളീധരൻ വ്യാഴാഴ്ച ആശുപത്രി സന്ദർശിച്ച് പുരോഗതി വിലയിരുത്തും. (Peroorkada Mental Health Centre)
ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, ബസന്ത് ബാലാജി എന്നിവർ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ രോഗികളെ ജയിലിന് സമാനമായ സാഹചര്യത്തിലാണ് പാർപ്പിച്ചിരിക്കുന്നതെന്നും, മതിയായ ജീവനക്കാരുടെ അഭാവം ഉൾപ്പെടെ നിരവധി പോരായ്മകൾ നിലനിൽക്കുന്നുണ്ടെന്നും വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് വിശദമായ പരിഷ്കരണ പദ്ധതി തയ്യാറാക്കിയത്. മാസ്റ്റർപ്ലാനിന്റെ ഭാഗമായി 22 വർഷമായി നിർമ്മാണം പൂർത്തിയാകാതെ കിടക്കുന്ന രണ്ട് കെട്ടിടങ്ങളുടെ പണി ഉടൻ പൂർത്തിയാക്കി പ്രവർത്തനസജ്ജമാക്കും. കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ ബലപ്പെടുത്തുകയും ഉപയോഗശൂന്യമായ കെട്ടിടങ്ങൾ നവീകരിക്കുകയും ചെയ്യും. ആശുപത്രി പരിസരത്തെ കൈയേറ്റങ്ങൾ പൂർണമായും ഒഴിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിന് അറ്റൻഡർ, കുക്ക്, സെക്യൂരിറ്റി, അലക്ക് വിഭാഗം ഉൾപ്പെടെ വിവിധ തസ്തികകളിൽ പ്രത്യേക നിയമനം നടത്തും. മാനസികാരോഗ്യ കേന്ദ്രങ്ങളിലേക്ക് നിയമിക്കപ്പെടുന്ന ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകാനും, സെക്യൂരിറ്റി ജീവനക്കാരെ ആകർഷിക്കുന്നതിനായി മെച്ചപ്പെട്ട വേതന വ്യവസ്ഥ ഒരുക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ പ്രത്യേക അഡീഷണൽ ഡി.എച്ച്.എസ്. നിയമിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
രോഗീസൗഹൃദ അന്തരീക്ഷം ഉറപ്പാക്കുന്നതിനായി 2017-ലെ മെന്റൽ ഹെൽത്ത് ആക്ട് കർശനമായി നടപ്പാക്കും. ആവശ്യമായ മരുന്നുകൾ സ്ഥിരമായി ലഭ്യമാക്കുകയും, രോഗം ഭേദമായവരുടെ പുനരധിവാസത്തിനായി പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കുകയും ചെയ്യും. ജീവനക്കാരുമായി സഹകരിക്കുന്ന രോഗികൾക്ക് സെല്ലുകൾക്ക് പുറത്തേക്ക് എത്തി ആശുപത്രി പരിസരത്തെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാനുള്ള അവസരവും ഒരുക്കും.
ആശുപത്രിയുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി തകർന്ന ചുറ്റുമതിൽ പുനർനിർമിക്കുകയും, പൊളിഞ്ഞുകിടക്കുന്ന ആന്തരിക റോഡുകൾ നവീകരിച്ച് സഞ്ചാരയോഗ്യമാക്കുകയും ചെയ്യും. സുരക്ഷാ പ്രശ്നങ്ങൾ പരിഗണിച്ച് ചികിത്സയിൽ കഴിയുന്ന തടവുകാരെ വീണ്ടും ജയിലിലേക്ക് മാറ്റുന്നതിനുള്ള നടപടികളും സർക്കാർ ആലോചിക്കുന്നുണ്ട്. ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ, ചികിത്സാ നിലവാരം, ജീവനക്കാരുടെ ലഭ്യത, രോഗികളുടെ ജീവിത നിലവാരം എന്നിവയിൽ സമഗ്രമായ മാറ്റം കൊണ്ടുവരികയാണ് മാസ്റ്റർപ്ലാനിന്റെ പ്രധാന ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.
Summary: The Kerala Health Department has announced a comprehensive master plan to revamp the Peroorkada Mental Health Centre following the High Court’s intervention. The plan includes staff recruitment, infrastructure upgrades, patient-friendly reforms, and completion of long-pending building projects.


