പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി ജനങ്ങൾ അറിയണം: മന്ത്രി പി.എ മുഹമ്മദ് റിയാസ്

hyy


പൊതുമരാമത്ത് വകുപ്പിന് കീഴിലെ റോഡുകളുടെ പരിപാലന കാലാവധി പൊതുജനങ്ങൾ അറിയണമെന്ന് പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പട്ടാമ്പി വിളത്തൂർ ജംഗ്ഷനിൽ കൊപ്പം - വളാഞ്ചേരി -കൈപ്പുറം വിളത്തൂർ ചെമ്പ്ര റോഡിന്റെ നവീകരണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഉയർന്ന ഗുണനിലവാരത്തിൽ നിർമ്മിക്കുന്ന ബി.എം ആൻഡ് ബി.സി റോഡുകളുടെ മൂന്ന് വർഷത്തെ പരിപാലന കാലാവധി അവസാനിച്ചാൽ അടുത്ത ടെൻഡർ നടപടികൾ പൂർത്തിയാവുന്നത് വരെ റോഡുകൾ തകർന്നു കിടക്കുന്നത് ഒഴിവാക്കാൻ   റണ്ണിങ് കോൺട്രാക്ട് കരാർ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.  അടുത്ത ഒരു വർഷത്തേക്ക് റോഡിന്റെയും പരിസരത്തെയും പരിപാലനം കരാറുകാരുടെ ചുമതലയാണ്. മെറിറ്റടിസ്ഥാനത്തിലാണ് കരാർ നൽകുക. പരിപാലന കാലാവധിയുള്ള റോഡുകളുടെ ഇരുവശത്തും പച്ച നിറത്തിലുള്ള അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നുണ്ട്. പരിപാലന കാലാവധിയിലുള്ള റോഡുകളുടെ  രണ്ടറ്റത്തും നീല ബോർഡുകൾ സ്ഥാപിക്കും. ഇതിൽ ബന്ധപ്പെട്ട കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും നമ്പറുകൾ ലഭ്യമാണ്.

റോഡുകളുടെ തകർച്ച ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനത്തിന് റോഡ് പരിപാലന ചുമതലയുള്ളവരെ തിരിച്ചറിയാനും പ്രവർത്തി നിർവഹിക്കുന്നതിന് ഇടപെടാനും കഴിയും. പൊതുജനം കാഴ്ചക്കാരല്ല കാവൽക്കാരാണെന്ന ബോർഡിലെ സന്ദേശം പ്രാവർത്തികമാക്കുന്നത്ര സുതാര്യമായാണ് പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനം .  വകുപ്പിന്റെ ആകെയുള്ള 30000 കിലോമീറ്റർ റോഡിൽ 20000 കിലോമീറ്റർ റോഡുകളിലും പരിപാലന കാലാവധിയും റണ്ണിങ് കോൺട്രാക്ടും നടപ്പാക്കി. അതിൽ 5000 കിലോമീറ്റർ റോഡുകളിൽ പച്ചയും നീലയും ബോർഡുകൾ സ്ഥാപിച്ചു. വകുപ്പിലെ തെറ്റായ പ്രവണതകളോട് സന്ധിയില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. എം.എൽ.എ മുഹമ്മദ് മുഹ്സിൻ അധ്യക്ഷനായ പരിപാടിയിൽ പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ മണികണ്ഠൻ, തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ടി മുഹമ്മദലി, കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.അബ്ദുൽ അസീസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.സാബിറ, എൻ. നീരജ്, കമ്മുക്കുട്ടി എടത്തോൾ,ഉത്തര മേഖല നിരത്ത് വിഭാഗം സൂപ്രണ്ടിംഗ് എൻജിനീയർ ഇ.ജി വിശ്വപ്രകാശ്, നിരത്ത് വിഭാഗം ചീഫ് എൻജിനീയർ അജിത് രാമചന്ദ്രൻ, നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ യു.പി ജയശ്രീ,  രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Share this story