അസാധാരണ നീക്കം; നയപ്രഖ്യാപനത്തിൽ മാറ്റം വരുത്തി രാജേന്ദ്ര ആർലേക്കർ; ഗവർണർ ഒഴിവാക്കിയ ഭാഗങ്ങൾ സഭയിൽ വായിച്ച് മുഖ്യമന്ത്രി | Kerala Assembly

അസാധാരണ നീക്കം; നയപ്രഖ്യാപനത്തിൽ മാറ്റം വരുത്തി രാജേന്ദ്ര ആർലേക്കർ; ഗവർണർ ഒഴിവാക്കിയ ഭാഗങ്ങൾ സഭയിൽ വായിച്ച് മുഖ്യമന്ത്രി | Kerala Assembly
Updated on

തിരുവനന്തപുരം: നിയമസഭയിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിൽ സർക്കാർ ഉൾപ്പെടുത്തിയ കേന്ദ്രവിരുദ്ധ പരാമർശങ്ങൾ അദ്ദേഹം ഒഴിവാക്കി. എന്നാൽ, ഗവർണർ വായിക്കാത്ത ഭാഗങ്ങൾ സഭയിൽ വായിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന രേഖ തന്നെയാണ് ആധികാരികമെന്ന് വ്യക്തമാക്കി.

നയപ്രഖ്യാപന പ്രസംഗത്തിലെ 12, 15, 16 എന്നീ ഖണ്ഡികകളിലാണ് ഗവർണർ മാറ്റങ്ങൾ വരുത്തിയത്. ഫെഡറലിസത്തെ തകർക്കുന്ന കേന്ദ്ര സർക്കാർ നടപടികൾ മൂലം കേരളം ഗുരുതരമായ സാമ്പത്തിക ഞെരുക്കം നേരിടുന്നു എന്ന ഖണ്ഡിക 12-ലെ പരാമർശം ഗവർണർ വായിച്ചില്ല.നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ ദീർഘകാലം കെട്ടിവെക്കുന്നതിനെതിരെയുള്ള പരാമർശവും (ഖണ്ഡിക 15) അദ്ദേഹം ഒഴിവാക്കി. സുപ്രീംകോടതിയെ സർക്കാർ സമീപിച്ച കാര്യവും ഇതിലുണ്ടായിരുന്നു.

നികുതി വിഹിതം സംസ്ഥാനങ്ങളുടെ അവകാശമാണെന്നും അത് ഔദാര്യമല്ലെന്നും പറയുന്ന ഭാഗത്ത് (ഖണ്ഡിക 16), ഇത് സർക്കാരിന്റെ അഭിപ്രായമാണെന്ന് തോന്നിപ്പിക്കുന്ന വിധം "എന്റെ സർക്കാർ കരുതുന്നു" എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ഗവർണർ ഒഴിവാക്കിയ ഭാഗങ്ങൾ സഭയുടെ ശ്രദ്ധയിൽപ്പെടുത്തിയ മുഖ്യമന്ത്രി, മന്ത്രിസഭ അംഗീകരിച്ച പ്രസംഗം തന്നെയാണ് ഔദ്യോഗികമായി നിലനിൽക്കുന്നതെന്ന് സ്പീക്കറെ അറിയിച്ചു. നികുതി വിഹിതവും ഗ്രാന്റുകളും സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശമാണെന്നും അതിന്മേലുള്ള സമ്മർദ്ദങ്ങൾ ഫെഡറൽ തത്വങ്ങളെ ദുർബലപ്പെടുത്തുമെന്നും മുഖ്യമന്ത്രി ആവർത്തിച്ചു.

ഗവർണർ വായിക്കാത്ത ഭാഗങ്ങൾ ഉൾപ്പെടുത്തി അച്ചടിച്ച പ്രസംഗം സഭാരേഖകളിൽ ആധികാരികമായി ഉൾപ്പെടുത്തണമെന്ന് മുഖ്യമന്ത്രി സ്പീക്കറോട് അഭ്യർത്ഥിച്ചു. ഗവർണറും സർക്കാരും തമ്മിലുള്ള ഭിന്നത സഭയ്ക്കുള്ളിൽ പരസ്യമായി പ്രകടമായ നിമിഷങ്ങൾക്കാണ് കേരള നിയമസഭ ഇന്ന് സാക്ഷ്യം വഹിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com