പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ജനുവരി 22-ലേക്ക് മാറ്റി. തിരുവല്ല മജിസ്‌ട്രേറ്റ് കോടതി നേരത്തെ ജാമ്യം നിഷേധിച്ചതിനെത്തുടർന്നാണ് രാഹുൽ ജില്ലാ കോടതിയെ സമീപിച്ചത്.
കേസിൽ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രതിയുടെ ഫോൺ പാസ്‌വേഡ് കൈമാറാത്തതും അന്വേഷണവുമായി സഹകരിക്കാത്തതും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
ബന്ധം ഉഭയസമ്മതപ്രകാരമുള്ളതാണെന്നും രാഷ്ട്രീയ പ്രേരിതമായ കേസാണിതെന്നുമാണ് രാഹുലിന്റെ അഭിഭാഷകർ വാദിച്ചത്. ജാമ്യം അനുവദിച്ചാൽ അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുമെന്നും അവർ കോടതിയിൽ പറഞ്ഞു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (SIT) കൂടുതൽ തെളിവുകൾ ശേഖരിക്കാനുണ്ടെന്ന് വ്യക്തമാക്കിയതോടെയാണ് വിശദമായ വാദത്തിനായി കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റിയത്.
ജനുവരി 11-നാണ് കാനഡയിൽ നിന്നുള്ള എൻആർഐ യുവതിയുടെ പരാതിയിൽ രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, നിർബന്ധിത ഗർഭഛിദ്രം നടത്തി, സാമ്പത്തികമായി ചൂഷണം ചെയ്തു തുടങ്ങിയ അതീവ ഗുരുതരമായ ആരോപണങ്ങളാണ് എംഎൽഎയ്ക്കെതിരെയുള്ളത്. നിലവിൽ മാവേലിക്കര സബ് ജയിലിലാണ് അദ്ദേഹം.
നേരത്തെ രജിസ്റ്റർ ചെയ്ത മറ്റ് രണ്ട് ബലാത്സംഗക്കേസുകളിൽ രാഹുലിന് കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ മൂന്നാം കേസിൽ കോടതി സ്വീകരിച്ച കർശന നിലപാട് രാഹുലിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.