

കൊച്ചി: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ഇഡി അന്വേഷണവുമായി ബോർഡ് പൂർണ്ണമായും സഹകരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. സത്യം അന്വേഷിക്കുന്ന ഏത് നടപടിക്കും ഒപ്പം നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിലുണ്ടായ ക്രമക്കേടുകൾ നിലവിലെ സംവിധാനത്തിന്റെ പരാജയമാണെന്ന് കെ. ജയകുമാർ സമ്മതിച്ചു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശനമായ നടപടികൾ സ്വീകരിക്കുകയാണ് ബോർഡിന്റെ ഇപ്പോഴത്തെ പ്രധാന ചുമതലയെന്നും അദ്ദേഹം പറഞ്ഞു.
കോടതി നിർദ്ദേശപ്രകാരം നടക്കുന്ന അന്വേഷണമായതിനാൽ കൂടുതൽ അഭിപ്രായപ്രകടനങ്ങൾക്കില്ല. എന്നാൽ അന്വേഷണത്തിൽ പൂർണ്ണമായ സുതാര്യത ഉണ്ടാകണമെന്നാണ് ബോർഡിന്റെ നിലപാട്.ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിൽ ഭക്തർക്ക് സംശയങ്ങളുണ്ട് എന്നത് വസ്തുതയാണ്. ഭക്തരുടെ ആ വിശ്വസ്തത വീണ്ടെടുക്കാനുള്ള ശക്തമായ ഇടപെടലുകൾ ബോർഡിന്റെ ഭാഗത്തുനിന്നുണ്ടാകും.
അതേസമയം, കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (SIT) പരിശോധനകൾക്കായി ശബരിമല സന്നിധാനത്ത് എത്തിയിട്ടുണ്ട്. കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലായി 21 കേന്ദ്രങ്ങളിൽ ഇഡി കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു.