

കൽപ്പറ്റ: മുണ്ടക്കൈ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന ടൗൺഷിപ്പിലെ 400 വീടുകളിൽ 300 എണ്ണവും കോൺഗ്രസ് - യു.ഡി.എഫ് ക്രെഡിറ്റിൽ ഉള്ളതാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വാദത്തിന് പരിഹാസവുമായി റവന്യൂ മന്ത്രി കെ. രാജൻ. നാവുകൊണ്ട് ഇത്ര പെട്ടെന്ന് 300 വീടുകൾ പണിയുക എളുപ്പമുള്ള കാര്യമല്ലെന്ന് മന്ത്രി പറഞ്ഞു. ടൗൺഷിപ്പ് പ്രദേശം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർണാടക സർക്കാർ നൽകിയ 10 കോടി രൂപ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ കണക്കിൽ പെടുത്താനാവില്ല. ആ തുക കൊണ്ട് പരമാവധി 50 വീടുകൾ മാത്രമേ നിർമ്മിക്കാൻ കഴിയൂ. അയൽ സംസ്ഥാനങ്ങൾ തമ്മിലുള്ള സഹായത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുത്.
കർണാടക നൽകിയ 50 വീട് പിന്നീട് 100 ആയി മാറി. ലീഗ് നിർമ്മിക്കുമെന്ന് പറഞ്ഞ 100 വീടുകളും എന്നെങ്കിലും പണിയണമെന്ന് മനസ്സിൽ വിചാരിച്ചിരിക്കുന്ന 100 വീടുകളും ചേർത്താണ് ഇപ്പോൾ 300 എന്ന് പറയുന്നതെന്ന് മന്ത്രി പരിഹസിച്ചു.കേരളം മുൻപ് ഒഡീഷ, അസം, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് കോടിക്കണക്കിന് രൂപ സഹായം നൽകിയിട്ടുണ്ട്. അതൊന്നും അവിടുത്തെ രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയ തുകയല്ലെന്നും മന്ത്രി ഓർമ്മിപ്പിച്ചു. തമിഴ്‌നാട്, രാജസ്ഥാൻ, ആന്ധ്ര സർക്കാരുകളും മുണ്ടക്കൈ ദുരിതാശ്വാസത്തിനായി കോടികൾ നൽകിയിട്ടുണ്ട്.
സർക്കാർ വിവാദത്തിനില്ല, എന്നാൽ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുമ്പോൾ സർക്കാരിന്റെ നെഞ്ചത്ത് കയറുന്ന രീതിയാണ് പ്രതിപക്ഷത്തിന്റേത്. ദുരിതാശ്വാസ നിധിയിലേക്ക് ഏതൊക്കെ എം.എൽ.എമാരും എം.പിമാരും പണം നൽകിയെന്ന വിവരം സഭയിൽ വെക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ടൗൺഷിപ്പ് നിർമ്മാണം മികച്ച രീതിയിൽ നടക്കുന്നുണ്ടെന്ന് കുറ്റം പറഞ്ഞവർക്ക് പോലും സമ്മതിക്കേണ്ടി വന്നതിൽ സന്തോഷമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.