"മതതീവ്രവാദികൾ പോലും പറയാത്തത് മന്ത്രി പറയുന്നു"; സജി ചെറിയാനെ പുറത്താക്കണമെന്ന് കെ.സി. വേണുഗോപാൽ | KC Venugopal

k c venugopal
Updated on

ആലപ്പുഴ: മതതീവ്രവാദികൾ പോലും പറയാത്ത രീതിയിലുള്ള വിഭജന പ്രസ്താവനയാണ് മന്ത്രി സജി ചെറിയാൻ നടത്തിയതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. മന്ത്രിസ്ഥാനത്ത് തുടരാൻ സജി ചെറിയാന് അർഹതയില്ലെന്നും മുഖ്യമന്ത്രി അദ്ദേഹത്തെ എത്രയും പെട്ടെന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹിക അന്തരീക്ഷം തകർക്കുന്ന ഇത്തരം പ്രസ്താവനകൾ കേരളം മുൻപ് കേട്ടിട്ടില്ല. ഒരു സാംസ്കാരിക മന്ത്രിയിൽ നിന്ന് ഇത്രയും തരംതാഴ്ന്ന പരാമർശം ഉണ്ടായത് കേരള സമൂഹം പൊറുക്കില്ല. ജാതി തിരിച്ചല്ല കേരളത്തിലെ ജനങ്ങൾ വോട്ട് ചെയ്യുന്നത്. മുസ്ലിം ഭൂരിപക്ഷമുള്ള ഇടങ്ങളിൽ ഹിന്ദു സ്ഥാനാർത്ഥികളും തിരിച്ചും വിജയിക്കുന്ന പാരമ്പര്യമാണ് കേരളത്തിനുള്ളത്. ജനങ്ങൾ ജാതിയോ മതമോ നോക്കാറില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

പത്ത് വോട്ടിന് വേണ്ടി മുഖ്യമന്ത്രിയും കൂട്ടരും വർഗീയത പറയുകയാണ്. മതവിഭാഗങ്ങളെ തമ്മിലടിപ്പിച്ച് ജയിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പാതയിലാണ് സജി ചെറിയാൻ സഞ്ചരിക്കുന്നതെന്നും ഇതിനൊക്ക പിന്നിൽ മുഖ്യമന്ത്രിയാണെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.

സജി ചെറിയാന്റെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസും മുസ്ലിം ലീഗും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. വിഭജന രാഷ്ട്രീയം പയറ്റുന്ന മന്ത്രി രാജിവെക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് യു.ഡി.എഫ് നേതൃത്വം.

Related Stories

No stories found.
Times Kerala
timeskerala.com