

കണ്ണൂർ: കണ്ണാടിപറമ്പ് ശ്രീ മുത്തപ്പൻ ക്ഷേത്രമഹോത്സവത്തിനിടെ ഗണഗീതം പാടിയതിനെച്ചൊല്ലി തർക്കം. ആർ.എസ്.എസ് ശാഖകളിൽ പാടാറുള്ള ഗണഗീതം സ്റ്റേജിൽ ആലപിച്ചതിൽ പ്രതിഷേധവുമായി സി.പി.ഐ.എം - ഡി.വൈ.എഫ്.ഐ പ്രവർത്തകർ രംഗത്തെത്തുകയായിരുന്നു. ഇതോടെ ഗായകസംഘത്തിന് പാട്ട് പാതിവഴിയിൽ നിർത്തി വെക്കേണ്ടി വന്നു.
തൃശ്ശൂരിൽ നിന്നുള്ള ഗായകസംഘമാണ് ഉത്സവത്തോടനുബന്ധിച്ചുള്ള ഗാനമേള അവതരിപ്പിച്ചത്. ഇതിനിടെ ‘പരമ പവിത്രമതാമീ മണ്ണിൽ‘ എന്ന ഗാനം പാടാൻ തുടങ്ങിയപ്പോഴാണ് പ്രതിഷേധം ഉടലെടുത്തത്. ഉടൻ തന്നെ സി.പി.ഐ.എം, ഡി.വൈ.എഫ്.ഐ പ്രാദേശിക പ്രവർത്തകർ സ്റ്റേജിൽ കയറി പ്രതിഷേധിക്കുകയും പാട്ട് നിർത്താൻ ആവശ്യപ്പെടുകയുമായിരുന്നു.
സംഘർഷാവസ്ഥ ഒഴിവാക്കുന്നതിനായി ഗായകസംഘം ഉടൻ തന്നെ പാട്ട് അവസാനിപ്പിച്ചു. ക്ഷേത്രമുറ്റത്ത് രാഷ്ട്രീയ സ്വഭാവമുള്ള ഗാനങ്ങൾ ആലപിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാർ. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള രാഷ്ട്രീയ ചർച്ചകൾക്കും ഇത് വഴിതുറന്നിട്ടുണ്ട്.