

പത്തനംതിട്ട/കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നിർണ്ണായക തെളിവുകൾ ശേഖരിക്കാനായി പ്രത്യേക അന്വേഷണ സംഘം (SIT) സന്നിധാനത്തെത്തി. എസ്.പി ശശിധരന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ഇന്ന് പരിശോധനയ്ക്കായി എത്തിയത്. മണ്ഡല-മകരവിളക്ക് തീർത്ഥാടനം പൂർത്തിയായി നട അടച്ചതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയുള്ള പരിശോധന ആരംഭിച്ചത്.
ശ്രീകോവിലിന്റെ പഴയ വാതിൽപ്പാളികളാണ് സംഘം പ്രധാനമായും പരിശോധിക്കുന്നത്.ശ്രീകോവിലിന് സമീപത്തെ സ്വർണ്ണപ്പാളികൾ, കൊടിമരത്തിലെ സ്വർണ്ണപ്പണികൾ എന്നിവ അന്വേഷണ പരിധിയിലുണ്ട്.സന്നിധാനത്തെ സ്‌ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണ്ണപ്പാളികളും സംഘം വിശദമായി പരിശോധിക്കും. ഇന്നലെ മൂന്നംഗ സംഘം എത്തി പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിരുന്നു.അതേസമയം, കേസിലെ പ്രതികളുടെ വീടുകളിലും സ്ഥാപനങ്ങളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡ് മണിക്കൂറുകളായി തുടരുകയാണ്.
കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലായി 21 കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന നടക്കുന്നത്.
പ്രതികളുടെ വീടുകൾ: തന്ത്രി കണ്ഠരര് രാജീവരരുടെ വീട് ഒഴികെ അറസ്റ്റിലായ എല്ലാ പ്രതികളുടെയും വീടുകളിൽ ഇഡി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ട്.കർണാടകയിലെ ബെല്ലാരിയിലുള്ള 'റൊദ്ദം ജ്വല്ലറി'യിൽ ഇഡി സംഘം എത്തി. കേസിലെ പ്രതി ഗോവർദ്ധന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം. ഇവിടെ നിന്ന് സ്വർണ്ണം ഉരുക്കി വേർതിരിച്ചെടുത്തോ എന്ന കാര്യമാണ് പ്രധാനമായും പരിശോധിക്കുന്നത്.
പ്രതികളുടെ സ്വത്തുക്കൾ മരവിപ്പിക്കുന്നതിനായുള്ള നടപടികളിലേക്ക് ഇഡി ഉടൻ കടന്നേക്കും. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും സ്വർണ്ണ വ്യാപാരികളും ഉൾപ്പെട്ട വലിയൊരു ശൃംഖല തന്നെ ഈ കൊള്ളയ്ക്ക് പിന്നിലുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം.