Description
Digital Voice of Kerala
Friday, April 24, 2026

Digital Voice of Kerala
HomeKerala'ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ട്, പാമ്പുകടി ഏൽക്കാനുള്ള സാധ്യത കൂടുതലാണ്, 3 ജീവനുകൾ...

‘ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ട്, പാമ്പുകടി ഏൽക്കാനുള്ള സാധ്യത കൂടുതലാണ്, 3 ജീവനുകൾ നഷ്ടപ്പെട്ടത് അങ്ങേയറ്റം ദുഃഖകരം’: മുഖ്യമന്ത്രി | Snakebite

🎙️ Latest Podcast

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിലായി പാമ്പുകടിയേറ്റ് മൂന്ന് പേർ മരിക്കാനിടയായ സംഭവം അങ്ങേയറ്റം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരിച്ചവരിൽ രണ്ടുപേർ കുഞ്ഞുങ്ങളാണെന്നത് വേദന വർദ്ധിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വേനൽ കഠിനമായതോടെ പാമ്പുകൾ പുറത്തിറങ്ങാൻ സാധ്യത കൂടുതലാണെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.(People need to be careful, there is a high risk of snakebite, says Chief Minister)

കടുത്ത ചൂട് സഹിക്കാനാവാതെ പാമ്പുകളും പാമ്പിൻകുഞ്ഞുങ്ങളും മാളങ്ങൾ വിട്ട് തണുപ്പുള്ള ഇടങ്ങൾ തേടി പുറത്തിറങ്ങുന്നത് പതിവാണ്. വീടുകൾക്ക് സമീപമുള്ള വിള്ളലുകൾ, കുറ്റിക്കാടുകൾ, മാളങ്ങൾ എന്നിവ ഇവയെ ആകർഷിക്കും. വേനൽക്കാലത്ത് ജനലുകളും വാതിലുകളും തുറന്നിടുമ്പോൾ പാമ്പുകൾ വീടിനുള്ളിൽ കടക്കാൻ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

വീടിന് ചുറ്റുമുള്ള ചപ്പുചവറുകൾ, കുറ്റിക്കാടുകൾ, വലിയ കല്ലുകൾ എന്നിവ നീക്കം ചെയ്യുക. മാളങ്ങളും വിള്ളലുകളും അടയ്ക്കണം. ഭക്ഷണാവശിഷ്ടങ്ങൾ അലക്ഷ്യമായി ഇടുന്നത് വഴി എലികൾ എത്തുന്നത് പാമ്പുകളെ ആകർഷിക്കും. പക്ഷികളെ വളർത്തുന്ന ഇടങ്ങളിലും ജാഗ്രത വേണം. അവധിക്കാലമായതിനാൽ കുട്ടികൾ പറമ്പുകളിലും മൈതാനങ്ങളിലും കളിക്കുമ്പോൾ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം.

വീടിനുള്ളിലേക്ക് പാമ്പുകൾ കയറാൻ സാധ്യതയുള്ള പൈപ്പുകൾ, വിടവുകൾ എന്നിവ പരിശോധിക്കുക. മരച്ചില്ലകൾ ജനലിനോട് ചേർന്ന് നിൽക്കുന്നുണ്ടെങ്കിൽ അവ മുറിച്ചുമാറ്റുക. പാമ്പുകടിയേറ്റാൽ ഒട്ടും വൈകാതെ ആന്റിവെനം സൗകര്യമുള്ള ഏറ്റവും അടുത്ത ആശുപത്രിയിൽ എത്തിക്കുക എന്നതാണ് പ്രധാനം. രോഗിയെ പരിഭ്രാന്തനാക്കാതെ സമാധാനിപ്പിക്കുകയും ശാരീരിക അധ്വാനം ഒഴിവാക്കുകയും ചെയ്യണം. പാമ്പുകളെ സുരക്ഷിതമായി പിടികൂടാൻ വനം വകുപ്പ് പരിശീലിപ്പിച്ച 3600-ഓളം സർപ്പ വോളന്റീയർമാർ സജ്ജമാണ്. സഹായത്തിനായി വനം വകുപ്പിന്റെ ‘SARPA’ മൊബൈൽ ആപ്പ് ഉപയോഗപ്പെടുത്താം. വിദ്യാലയങ്ങളുടെ സുരക്ഷയ്ക്കായി ‘സർപ്പപാഠം’, ‘സർപ്പസുരക്ഷ’ എന്നീ പദ്ധതികളും നടപ്പിലാക്കി വരുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.