Description
Digital Voice of Kerala
Saturday, June 13, 2026

Digital Voice of Kerala
HomeKeralaശബരിമല സ്വർണ്ണക്കൊള്ള കേസ്: സ്പെഷ്യൽ പ്ലീഡർ നിയമനത്തിന് പിന്നിൽ വൻ ഗൂഢാലോചന,...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: സ്പെഷ്യൽ പ്ലീഡർ നിയമനത്തിന് പിന്നിൽ വൻ ഗൂഢാലോചന, രാജി കൊണ്ട് തീരില്ലെന്ന് പി. രാജീവ് | P Rajeev

🎙️ Latest Podcast

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകനെ ദേവസ്വം സ്പെഷ്യൽ പ്ലീഡറായി നിയമിച്ച യുഡിഎഫ് സർക്കാരിന്റെ നടപടിക്ക് പിന്നിൽ ആസൂത്രിത ഗൂഢാലോചനയുണ്ടെന്ന് മുൻ നിയമമന്ത്രി പി. രാജീവ് (P Rajeev). അതുകൊണ്ടുതന്നെ ഈ വിഷയം കേവലമൊരു രാജിയിൽ ഒതുക്കിത്തീർക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഇത് വളരെ ആസൂത്രിതമായ നീക്കമാണ്. രാജി കൊണ്ട് മാത്രം ഇത് അവസാനിക്കുന്നില്ല. അദ്ദേഹം ചുമതലയേറ്റിട്ടില്ലെങ്കിൽ ഉത്തരവ് റദ്ദാക്കുകയായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ ചുമതലയേറ്റെടുത്ത ശേഷമാണ് രാജി വെച്ചിരിക്കുന്നത്. ചാർജെടുത്തതോടെ കേസിന്റെ പ്രധാന ഫയലുകളെല്ലാം വക്കീലിന്റെ ഓഫീസിൽ എത്തിയിട്ടുണ്ടാകും. അങ്ങനെയെങ്കിൽ തന്റെ ആവശ്യം കഴിഞ്ഞ ശേഷമുള്ള നാടകീയ രാജിയാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേസിന്റെ സുപ്രധാന ഫയലുകളെല്ലാം പരിശോധിക്കാനുള്ള സന്ദർഭം കൃത്യമായി ഉപയോഗിച്ച ശേഷമാണോ ഈ രാജിയെന്ന് പ്രത്യേകം അന്വേഷിക്കണമെന്നും പി. രാജീവ് ആവശ്യപ്പെട്ടു.

കോടതിക്കുള്ളിൽ വാദിക്കുക മാത്രമല്ല, കൊള്ളയെ ന്യായീകരിച്ച് കമ്പനിയുടെ വാദങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യമായി വിളിച്ചുപറഞ്ഞ വ്യക്തിയെയാണ് സർക്കാർ ഇപ്പോൾ ദേവസ്വത്തിന്റെ സ്പെഷ്യൽ പ്ലീഡറാക്കിയത്. കഴിഞ്ഞ സർക്കാരുകളുടെ കാലത്തൊന്നും ദേവസ്വത്തിന് മാത്രമായി പ്രത്യേക പ്ലീഡർ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ നിയമനത്തിന്റെ യഥാർത്ഥ ഉത്തരവാദിത്തം ആർക്കാണെന്ന് വ്യക്തമാകണം. സാധാരണയായി സ്പെഷ്യൽ പ്ലീഡറെ നിയമിക്കുമ്പോൾ അഡ്വക്കേറ്റ് ജനറൽ (എജി) ആണ് പേര് നിർദേശിക്കേണ്ടത്. ഈ അഭിഭാഷകന്റെ പേര് എജി നിർദേശിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. ആ ഫയൽ നിയമവകുപ്പിൽ എത്തിയിരുന്നോ? നിയമസെക്രട്ടറി ഫയൽ പരിശോധിച്ച് നിയമമന്ത്രിക്ക് സമർപ്പിച്ചതാണോ? തുടർന്ന് മന്ത്രിസഭയുടെ അംഗീകാരത്തിനായി മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നോ? ഈ നടപടിക്രമങ്ങളെല്ലാം പാലിക്കാതെ ആരുടെയെങ്കിലും പ്രത്യേക താല്പര്യപ്രകാരം തട്ടിക്കൂട്ടിയ നിയമനമാണോ ഇതെന്ന് പുറത്തുകൊണ്ടുവരേണ്ടതുണ്ട്.

കേസ് അട്ടിമറിക്കാൻ അങ്ങേയറ്റം ആസൂത്രിതമായ നീക്കങ്ങളാണ് നടന്നിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) റിപ്പോർട്ട് ഉൾപ്പെടെയുള്ള അതീവ രഹസ്യ രേഖകൾ ഈ വക്കീൽ വഴി കമ്പനിക്ക് ചോർന്നുകിട്ടിയിട്ടുണ്ടോ എന്ന് ശക്തമായ സംശയമുണ്ട്. ഈ സർക്കാർ അധികാരത്തിലെത്തി ഏതാനും ദിവസങ്ങൾക്കകം തന്നെ ബന്ധുനിയമന വിവാദത്തിൽ ഒരാൾക്ക് രാജിവെക്കേണ്ടി വന്നു. തൊട്ടുപിന്നാലെ പിഎസ്‍സി നിയമനങ്ങളിലെടുത്ത തെറ്റായ തീരുമാനവും സർക്കാരിന് റദ്ദാക്കേണ്ടി വന്നു. ആരോഗ്യരംഗത്തടക്കം ഗുരുതരമായ വീഴ്ചകളാണ് ഈ കുറഞ്ഞ നാളുകൾക്കുള്ളിൽ ഉയർന്നുവരുന്നത്. സർക്കാർ പോകുന്നത് തെറ്റായ പാതയിലൂടെയാണെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവങ്ങളെന്നും, അട്ടിമറി നീക്കങ്ങളെക്കുറിച്ച് കൃത്യമായ അന്വേഷണം വേണമെന്നും പി. രാജീവ് ആവശ്യപ്പെട്ടു.

Story Summary: Former Law Minister P. Rajeev alleged a well-planned conspiracy behind the UDF government’s appointment of the defense counsel as Devom Special Pleader in the Sabarimala Gold Theft case. He demanded a thorough investigation, stating that the resignation was a drama enacted after accessing all the confidential case files.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.