തിരുവനന്തപുരം: മലയാളത്തിലെ പ്രശസ്ത കവിയും പ്രമുഖ സാഹിത്യ നിരൂപകനുമായ പത്മശ്രീ പി. നാരായണക്കുറുപ്പ് (92) അന്തരിച്ചു (P Narayana Kurup passes away). വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരം പേരൂർക്കട ഇന്ദിരാനഗറിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം ഞായറാഴ്ച വൈകുന്നേരം 3.30-ന് തൈക്കാട് ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ നടക്കും.
ഭാര്യ: വിജയലക്ഷ്മി. മക്കൾ: ഡോ. വൃന്ദ ജയകുമാർ (റിട്ട. പ്രൊഫസർ, ഡി.ബി. കോളേജ്, ശാസ്താംകോട്ട), വിജു നാരായൺ (ഡെപ്യൂട്ടി ഡയറക്ടർ, ലോക്സഭ സെക്രട്ടേറിയറ്റ്), വിവേക് നാരായൺ (മാനേജിങ് എഡിറ്റർ, നെറ്റ്‌വർക്ക് 18).
ആലപ്പുഴ ജില്ലയിലെ ഹരിപ്പാടാണ് നാരായണക്കുറുപ്പിന്റെ ജനനം. ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ. ബിരുദം നേടിയ ശേഷം അദ്ദേഹം കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിലും കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ടിലും എഡിറ്റർ, റിസർച് ഓഫീസർ എന്നീ നിലകളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചു. 1957-ൽ സെൻട്രൽ സെക്രട്ടേറിയേറ്റ് സർവീസിലും 1971-75 കാലത്ത് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലും പ്രവർത്തിച്ച ഇദ്ദേഹം, സെൻട്രൽ ഇൻഫർമേഷൻ സർവീസിൽ എഡിറ്ററായും തിളങ്ങി. വിശ്വവിജ്ഞാനകോശം, സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയിൽ ഗസ്റ്റ് എഡിറ്ററായും ആഗ്രയിലെ സൻസ്കാർ ഭാരതിയുടെ വൈസ് പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1986-ൽ കേന്ദ്രസർവീസിൽ നിന്നു വിരമിച്ച ശേഷമാണ് സാഹിത്യരംഗത്ത് പൂർണ്ണമായി സജീവമായത്.
മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് 2022-ൽ രാജ്യം പത്മശ്രീ പുരസ്കാരം നൽകി അദ്ദേഹത്തെ ആദരിച്ചു. കവിതയ്ക്കും നിരൂപണത്തിനും വെവ്വേറെ കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചിട്ടുള്ള അപൂർവ്വം പ്രതിഭകളിൽ ഒരാളാണ്. ഇതിനു പുറമേ പ്രശസ്തമായ ഓടക്കുഴൽ പുരസ്കാരം, കേരള പാണിനി പുരസ്കാരം, വള്ളത്തോൾ പുരസ്കാരം തുടങ്ങി നിരവധി പ്രമുഖ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. നാരായണക്കുറുപ്പിന്റെ നിര്യാണത്തിൽ സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
Story Summary: Renowned Malayalam poet and critic Padmashri P. Narayana Kurup passed away at the age of 92 due to age-related ailments at his residence in Thiruvananthapuram. The funeral will take place on Sunday at Santhikavadham. Born in Haripad, Alappuzha, he had a distinguished career in the Central Secretariat Service and the Kerala Bhasha Institute. He was honored with the Padmashri in 2022 and has won several accolades including the Kerala Sahitya Akademi, Odakkuzhal, and Vallathol awards.


