നിപ്പ സംശയം: സമ്പര്‍ക്ക പട്ടികയില്‍ 75 പേര്‍; അതീവജാഗ്രതാ നിര്‍ദേശം

കോഴിക്കോട്: നിപ്പ ലക്ഷണങ്ങളുമായി ജില്ലയില്‍ നാലു പേര്‍ ചികിത്സയിലുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പ്രാഥമിക സമ്പര്‍ക്ക പട്ടികയിൽ 75 പേരാണ് ഉള്ളത്. ഇവരെ ഐസൊലേഷനിലേക്കു മാറ്റും. മരിച്ചയാളുടെ നാല് ബന്ധുക്കൾ ആശുപത്രിയിലാണ്. മരിച്ചയാളുടെ ഭാര്യ, പത്തു മാസം പ്രായമുള്ള കുട്ടി, 22 വയസ്സുകാരനായ ബന്ധു എന്നിവരുടെ നില മെച്ചപ്പെട്ടു. 9 വയസുകാരൻ ഐസിയുവിൽ വെന്റിലേറ്ററിലാണ്.

ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതായും അവലോകന യോഗത്തിനു ശേഷം മന്ത്രി പറഞ്ഞു. പുണെ എന്‍ഐവിയില്‍ നിന്നുള്ള ഫലം വരുന്നതുവരെ ജില്ലയില്‍ മാസ്‌ക് ധരിക്കുന്നതാണ് ഉത്തമമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വൈകിട്ടോടെ ഫലം ലഭിക്കുമെന്നാണു കരുതുന്നത്.
ജില്ലയില്‍ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ ഊർജിതമായി നടന്നുവരികയാണ്. 2021ല്‍ ആരോഗ്യവകുപ്പ് പുറത്തിറക്കിയ പ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തിലാണു നടപടികള്‍. വൈകിട്ട് ആറുമണിയോടെ മന്ത്രി മുഹമ്മദ് റിയാസും മറ്റു ജനപ്രതിനിധികളും പ്രദേശത്ത് എത്തും. ഇതിനു ശേഷം എല്ലാ വകുപ്പുകളുടെയും യോഗം ചേരും.