തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിന് കാരണം അന്തരീക്ഷത്തിലെ കനത്ത ചൂടല്ലെന്ന് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ വിലയിരുത്തുന്നു. ദുരന്തത്തിൽ കാണാതായ നാല് പേർക്കായി തിരച്ചിൽ ഊർജ്ജിതമാക്കി. അപകടത്തിൽപ്പെട്ട 13 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, ചിലരെക്കുറിച്ച് ഇനിയും വിവരമില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.(Mundathikode tragedy, PESO says extreme heat not the cause of the accident)
സുരേഷ് സി.എ (50), അഭിജിത് (അഭി – 28), വിഷ്ണു (38), ഗിരീഷ് (42) എന്നിവരാണിത്. ഇവരുടെ ബന്ധുക്കളുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. തിരിച്ചറിയാൻ കഴിയാത്ത ഒരു മൃതദേഹവും 29 ശരീരഭാഗങ്ങളും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇവ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കി മൂന്ന് ദിവസത്തിനുള്ളിൽ ഫലം ലഭ്യമാക്കാനാണ് അധികൃതരുടെ തീരുമാനം. നിലവിൽ മോർച്ചറിയിലുണ്ടായിരുന്ന 9 മൃതദേഹങ്ങളിൽ എട്ടെണ്ണം തിരിച്ചറിഞ്ഞ് ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
അപകടത്തിന് കാരണം കടുത്ത ചൂടാണെന്ന പ്രാഥമിക നിഗമനം പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ തള്ളി. ഷോർട്ട് സർക്യൂട്ട് മൂലമാകാം സ്ഫോടനം നടന്നതെന്നാണ് നിലവിലെ വിലയിരുത്തൽ. നിർണ്ണായകമായ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് പരിശോധന പൂർത്തിയായിട്ടുണ്ട്. ഇവരുടെ റിപ്പോർട്ട് ലഭിക്കുന്നതോടെ കൃത്യമായ കാരണം വ്യക്തമാകും. വെടിപ്പുരയ്ക്ക് ലൈസൻസ് ഉണ്ടായിരുന്നെങ്കിലും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചിരുന്നോ എന്ന് എഡിഎമ്മിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചുവരികയാണ്.
ദുരന്തസ്ഥലത്തെയും സമീപത്തെ കുളത്തിലെയും തിരച്ചിൽ പൂർത്തിയായി. കുളത്തിൽ നിന്ന് ശരീരഭാഗങ്ങളൊന്നും കണ്ടെത്താനായില്ലെങ്കിലും ചില വസ്തുക്കൾ കണ്ടെടുത്തിട്ടുണ്ട്. ഇവ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. നിലവിൽ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള 13 പേരിൽ അഞ്ചുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. പാലക്കാട് മുതുതല കോഴിക്കോട്ടിരി കുളിക്കാംവളപ്പിൽ പ്രവീൺ ആണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരിച്ചത്. ഇതോടെ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 14 ആയി. സ്ഫോടനത്തിൽ 90 ശതമാനത്തോളം പൊള്ളലേറ്റ പ്രവീൺ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. പൊള്ളലിന് പുറമെ ആന്തരിക രക്തസ്രാവവും ഇദ്ദേഹത്തിന്റെ നില വഷളാക്കി. ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

