കോട്ടയത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ വൻ കവർച്ച നടത്തിയ പ്രതി പിടിയിൽ

കോട്ടയം: കുറിച്ചി മന്ദിരംകവലയിലെ സുധാ ഫിനാൻസ് എന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് ഒരു കോടിയോളം രൂപ മൂല്യം വരുന്ന സ്വർണവും എട്ടുലക്ഷം രൂപയും കവർന്ന കേസിലെ പ്രതി പിടിയിൽ.
പത്തനംതിട്ട കൂടൽ സ്വദേശി അനീഷ് ആന്റണിയെ(26) യാണ് പിടികൂടിയത്. ഇയാളുടെ കൂട്ടാളിക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഓഗസ്റ്റ് ഏഴിനാണ് പ്രതികൾ സ്ഥാപനത്തിൽ കടന്നുകയറി മോഷണം നടത്തിയത്. മോഷണം നടത്തിയ ശേഷം, പോലീസ് നായയെ വഴിതെറ്റിക്കാനായി സോപ്പ്പൊടിയും ഇവർ പ്രദേശത്ത് വിതറിയിരുന്നു. ആലുവ കേന്ദ്രമാക്കിയുള്ള പ്രാദേശിക കമ്പനി നിർമിക്കുന്ന സോപ്പിന്റെ കൂട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതികൾ ഉപേക്ഷിച്ചുപോയ ദിനപത്രത്തിന്റെ പ്രാദേശിക പേജും പോലീസിന് ഇവരെ കുടുക്കാൻ സഹായകരമായിരുന്നു.

ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് ലോക്കർ തകർത്ത് മോഷണം നടത്തിയ പ്രതികൾ സ്ഥാപനത്തിലെ സിസിടിവി അടക്കമുള്ളവ നശിപ്പിച്ചിരുന്നു. സ്ഥാപനത്തിൽ നിന്ന് വിരലടയാളങ്ങളും ലഭിച്ചിരുന്നില്ല. അതേസമയം അറസ്റ്റിലായ പ്രതിയുടെ പക്കൽ നിന്ന് മോഷണമുതൽ കണ്ടെടുക്കാനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.