കൊല്ലം കോര്‍ട്ട് കോംപ്ലക്‌സ് സമയബന്ധിതമായി പൂര്‍ത്തിയാക്കും: മന്ത്രി കെ എന്‍ ബാലഗോപാല്‍

kn balagopal
 

കൊല്ലം കോംപ്ലക്‌സിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന്  ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍. കോര്‍ട്ട് കോംപ്ലക്‌സ് നിര്‍മാണ പ്രഖ്യാപനവും മാതൃക അനാച്ഛാദനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കോടതി കെട്ടിടത്തിന്റെ നിര്‍മാണത്തിന് ആവശ്യമായ തുക സമയബന്ധിതമായി അനുവദിക്കും. ടെന്‍ഡര്‍ ഉള്‍പ്പെടെയുള്ള നടപടിക്രമം  വേഗത്തിലാക്കും. ആധുനിക സൗകര്യങ്ങളോടെ 1,56000 ചതുരശ്രയടിയിലാണ്  കെട്ടിടം ഒരുങ്ങുന്നത്. നാല് നിലകളിലായി 22 കോടതികളാണ് പ്രവര്‍ത്തിക്കുക. ജീവനക്കാരുടെ കുട്ടിക്കളുടെ പരിപാലത്തിന് ക്രഷ് അടക്കം സജ്ജമാക്കുന്നത് പരിഗണനയിലാണ്. ഹരിത കെട്ടിടത്തിന് സമാനമാണ് കോര്‍ട്ട് കോംപ്ലക്‌സ് രൂപകല്‍പ്പന. ഇവിടേക്കുള്ള വഴി പ്രശ്‌നവും ചര്‍ച്ച ചെയ്ത് പരിഹരിക്കും. എന്‍ ജി ഒ ക്വാര്‍ട്ടേഴ്‌സ് നിര്‍മിക്കുന്നതിനുള്ള നടപടികളും തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു.

കേരള ഹൈക്കോടതി ജഡ്ജ്  ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ് ഓണ്‍ലൈനായി കെട്ടിട സമുച്ചയ മാതൃക അനാച്ഛാദനം നടത്തി. അഭിഭാഷകര്‍ക്ക് കൂടുതല്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാന്‍ സൗകര്യപ്രദവും അനുകൂലവുമായ അന്തരീക്ഷം ഇതുവഴി പ്രദാനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രിന്‍സിപ്പല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജ് എം പി സ്‌നേഹലത അധ്യക്ഷയായി. എന്‍ കെ പ്രേമചന്ദ്രന്‍ എം പി, എം മുകേഷ് എം എല്‍ എ എന്നിവര്‍ ഓണ്‍ലൈനായി  മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എഫ് മിനിമോള്‍, മുന്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ, കൗണ്‍സിലര്‍ ജി ആര്‍ മിനിമോള്‍, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഓച്ചിറ എന്‍ അനില്‍കുമാര്‍, സെക്രട്ടറി എ കെ മനോജ്, ബാര്‍ കൗണ്‍സില്‍ ഓഫ് കേരള അംഗങ്ങളായ ഇ ഷാനവാസ് ഖാന്‍, പി സജീവ് ബാബു, സര്‍ക്കാര്‍ പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍ സേതുനാഥന്‍ പിള്ള, കെ എ സി എ യൂണിറ്റ് പ്രസിഡന്റ് എസ് രാധാകൃഷ്ണന്‍, ജുഡീഷ്യല്‍ ഓഫീസര്‍മാര്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share this story