

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്തിറങ്ങിയ പ്രവാസി യുവാവിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി മർദിച്ചു. കാസർകോട് കിഴക്കേക്കര സ്വദേശി മുഹമ്മദ് ഷാഫിയെയാണ് (40) ആറംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോയത്. യുവാവിനെ മർദിച്ച് മൊബൈൽ ഫോണും ബാഗും തട്ടിയെടുത്ത ശേഷം ആലുവ പറവൂർ കവലയിൽ ഉപേക്ഷിക്കുകയായിരുന്നു.
വെള്ളിയാഴ്ച പുലർച്ചെ 12.30-ഓടെയാണ് സംഭവം. ദുബായിൽ നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസിൽ എത്തിയ ഷാഫി, പ്രീ പെയ്ഡ് ടാക്സി കൗണ്ടറിലേക്ക് നടന്നുപോകുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. കാറിലെത്തിയ മൂന്നംഗ സംഘം തോക്കുചൂണ്ടി ഷാഫിയെ ബലമായി ഫോർച്യൂണർ കാറിൽ കയറ്റി. കാറിനുള്ളിൽ മറ്റ് മൂന്നുപേർ കൂടി ഉണ്ടായിരുന്നു.
'സ്വർണം എവിടെ' എന്ന് ചോദിച്ചായിരുന്നു ക്രൂരമർദനം. ഒരു ലക്ഷം രൂപ വിലവരുന്ന ഐഫോൺ, ഹാൻഡ് ബാഗ്, മറ്റ് സാധനങ്ങൾ എന്നിവ സംഘം കവർന്നു. രണ്ട് മണിക്കൂറോളം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കറങ്ങിയ സംഘം പുലർച്ചെ 2.30-ഓടെ ഷാഫിയെ പറവൂർ കവലയിൽ ഇറക്കിവിട്ടു. വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി.
ദുബായ് അജ്മാനിലെ കഫ്റ്റീരിയയിൽ ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്ന ഷാഫി, ആദ്യമായാണ് നെടുമ്പാശ്ശേരി വിമാനത്താവളം വഴി നാട്ടിലെത്തുന്നത്. ആലുവ ഡി.വൈ.എസ്.പി പി.കെ. രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ഈ ആക്രമണത്തിന് പിന്നിൽ സ്വർണക്കടത്ത് ക്വട്ടേഷൻ സംഘങ്ങളാണോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. വിമാനത്താവളത്തിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികൾ സഞ്ചരിച്ച ഫോർച്യൂണർ കാർ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.