

അങ്കമാലി: രാത്രിയാത്ര ചെയ്യുന്ന സ്ത്രീകൾ ആവശ്യപ്പെടുന്ന സ്ഥലത്ത് ബസ് നിർത്തിക്കൊടുക്കണമെന്ന സർക്കാർ നിർദ്ദേശം നിലനിൽക്കെ, വിദ്യാർത്ഥിനികളോട് ക്രൂരത കാട്ടി കെഎസ്ആർടിസി ജീവനക്കാർ. പൊങ്ങം നൈപുണ്യ കോളജിലെ വിദ്യാർത്ഥിനികളായ ഐശ്വര്യ എസ്. നായർ, ആൽഫ പി. ജോർജ് എന്നിവർക്കാണ് തിരുവനന്തപുരം - തൃശൂർ സൂപ്പർഫാസ്റ്റ് ബസിൽ ദുരനുഭവം ഉണ്ടായത്.
പഠനാവശ്യത്തിനായി എറണാകുളത്ത് പോയി മടങ്ങുകയായിരുന്ന പെൺകുട്ടികൾ അങ്കമാലിയിൽ നിന്നാണ് ബസിൽ കയറിയത്. തങ്ങളുടെ സ്റ്റോപ്പായ പൊങ്ങത്ത് ബസ് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവറും കണ്ടക്ടറും തയ്യാറായില്ല. സൂപ്പർഫാസ്റ്റിന് അവിടെ സ്റ്റോപ്പില്ലെന്ന നിലപാടിലായിരുന്നു ജീവനക്കാർ.
ജീവനക്കാർ സഹകരിക്കാതായതോടെ വിദ്യാർത്ഥിനികൾ കൊരട്ടി പോലീസിൽ വിവരമറിയിച്ചു.യാത്രക്കാർ ഇടപെട്ടതോടെ മുരിങ്ങൂരിൽ ഇറക്കാമെന്ന് കണ്ടക്ടർ പറഞ്ഞെങ്കിലും, പരിചയമില്ലാത്ത സ്ഥലത്ത് രാത്രി ഇറങ്ങാൻ ഭയമാണെന്ന് കുട്ടികൾ അറിയിച്ചു. ഒടുവിൽ ഇവരെ കിലോമീറ്ററുകൾ അകലെയുള്ള ചാലക്കുടി സ്റ്റാൻഡിൽ കൊണ്ടുപോയി ഇറക്കുകയായിരുന്നു.
രാത്രി എട്ട് മണിക്ക് ശേഷം സ്ത്രീകൾ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ മിന്നൽ ഒഴികെയുള്ള ബസുകൾ നിർത്തിക്കൊടുക്കണമെന്ന് കർശന നിർദ്ദേശമുണ്ട്. ഇത് ലംഘിച്ച ജീവനക്കാർക്കെതിരെ നടപടി വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. പെൺകുട്ടികളോട് കാണിച്ച മാനുഷിക പരിഗണനയില്ലാത്ത സമീപനത്തിൽ സഹയാത്രികരും പ്രതിഷേധം രേഖപ്പെടുത്തി.