

മൂന്നാർ: വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ ശൈത്യം കടുക്കുന്നു. ഇന്ന് പുലർച്ചെ നല്ലതണ്ണി, നടയാർ, തെന്മല, കന്നിമല എന്നിവിടങ്ങളിലാണ് താപനില പൂജ്യം ഡിഗ്രി സെൽഷ്യസിലേക്ക് എത്തിയത്. മൂന്നാർ ടൗണിൽ 1.7 ഡിഗ്രി സെൽഷ്യസായിരുന്നു ഇന്നത്തെ കുറഞ്ഞ താപനില.
തണുപ്പ് പൂജ്യം ഡിഗ്രിയിൽ എത്തിയതോടെ പുൽമേടുകളിലും തോട്ടം മേഖലകളിലും ഐസ് തുളളികൾ (ഹീമകണം) ദൃശ്യമായി. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. വരും ദിവസങ്ങളിൽ തണുപ്പ് ഇനിയും കൂടുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ നൽകുന്ന സൂചന.
കഴിഞ്ഞ വർഷം ഡിസംബർ 23-ന് മൂന്നാറിലെ താപനില മൈനസ് രണ്ട് ഡിഗ്രി വരെ താഴ്ന്നിരുന്നു.
ഡിസംബർ അവസാനത്തോടെ താപനില മൈനസിലേക്ക് പോകാൻ സാധ്യതയുള്ളതിനാൽ വരും ദിവസങ്ങളിൽ സഞ്ചാരികളുടെ വൻ തിരക്ക് മൂന്നാറിൽ പ്രതീക്ഷിക്കുന്നുണ്ട്. അതിശൈത്യം ആസ്വദിക്കാൻ ക്രിസ്മസ്-പുതുവത്സര അവധിക്കാലത്ത് കൂടുതൽ വിനോദസഞ്ചാരികൾ ഇവിടേക്ക് ഒഴുകിയെത്തും.