

പാലക്കാട്: വാളയാറിൽ കൊല്ലപ്പെട്ട ഛത്തീസ്ഗഢ് സ്വദേശി രാംനാരായണിന്റെ മരണം മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്നതാണെന്ന് പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ. ക്രൂരമായ മർദനമാണ് നടന്നതെന്നും ശരീരത്തിൽ ഒരൊറ്റ ഭാഗം പോലും അടിയേൽക്കാതെ ബാക്കിയില്ലെന്നും ഡോക്ടർ ഹിതേഷ് ശങ്കർ പറഞ്ഞു.
ശരീരത്തിന്റെ ഒരൊറ്റ ഭാഗം പോലും മർദനമേൽക്കാതെ ബാക്കിയില്ല. കാലിന്റെ ചെറുവിരൽ മുതൽ തലയോട്ടി വരെ തകർന്നിട്ടുണ്ട്. വാരിയെല്ലുകൾ മുഴുവൻ തകരുകയും നട്ടെല്ല് ഒടിയുകയും ചെയ്തു. രാംനാരായൺ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിട്ടുണ്ടാകാം എന്നാണ് ഡോക്ടറുടെ നിഗമനം. എന്നാൽ മരിച്ച ശേഷവും അയാളെ ക്രൂരമായി മർദിക്കുന്നത് തുടർന്നു എന്ന് മുറിവുകളിൽ നിന്ന് വ്യക്തമാണ്.
തലച്ചോറിലേറ്റ ഗുരുതരമായ ക്ഷതമാണ് മരണത്തിന് കാരണമായത്. മർദിക്കുന്നതിനിടെ 'നീ ബംഗ്ലാദേശിയാണോ' എന്ന് ആക്രോശിച്ചതായി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു.
ഡോക്ടറുടെ വൈകാരികമായ കുറിപ്പ്:
ജോലി തേടി കേരളത്തിലെത്തിയ ഒരു സാധുവായ മനുഷ്യനെ തല്ലിക്കൊന്ന മലയാളി സമൂഹം ഇതിൽ തലതാഴ്ത്തണമെന്ന് ഡോക്ടർ തന്റെ കുറിപ്പിൽ പറയുന്നു. "ഇതൊരു നിമിഷത്തെ കോപമല്ല, കൂട്ടമനസ്സിന്റെ അന്ധതയും മനുഷ്യത്വത്തിന്റെ പൂർണ്ണ അഭാവവുമാണ്. സഹജീവിയെ തല്ലിക്കൊല്ലുന്ന മനുഷ്യൻ മൃഗത്തേക്കാൾ ഭീകരനാണ്," ഡോക്ടർ കുറിച്ചു.
കേസിൽ അട്ടപ്പള്ളം സ്വദേശികളായ അനു, പ്രസാദ്, മുരളി, അനന്തൻ, വിബിൻ എന്നിവരെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ പ്രതികൾക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.