

കൊച്ചി: ഇടപ്പള്ളി കാമ്പിയൻ സ്കൂളിന് സമീപം പ്രതീക്ഷാനഗറിൽ വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സപ്തസ്വര വീട്ടിൽ വനജ (70) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെ ബന്ധുക്കൾ വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയിൽ രക്തം തളംകെട്ടിക്കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്.
സംഗീതാധ്യാപികയായിരുന്ന വനജ ശാരീരിക അവശതകൾ മൂലം വീടിന് പുറത്തേക്ക് അധികം ഇറങ്ങാറില്ലായിരുന്നു. അനിയത്തിയുടെ മകൾക്കും ഭർത്താവിനുമൊപ്പമാണ് ഇവർ താമസിച്ചിരുന്നത്.ബന്ധുക്കൾ ജോലി കഴിഞ്ഞ് രാത്രി മടങ്ങിയെത്തിയപ്പോഴാണ് വനജയെ മരിച്ച നിലയിൽ കണ്ടത്. വീടിന്റെ മുൻവാതിൽ പൂട്ടാറില്ലാത്തതിനാൽ ആർക്കും അകത്ത് പ്രവേശിക്കാവുന്ന സാഹചര്യമായിരുന്നു.
മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു കത്തി പോലീസ് കണ്ടെടുത്തു. ശരീരത്തിലാകെ മുറിവുകളേറ്റ നിലയിലായിരുന്നു വനജയുടെ മൃതദേഹം.സംഭവം നടക്കുമ്പോൾ വനജയുടെ വളർത്തുനായ മുറിയിൽ തന്നെയുണ്ടായിരുന്നു. വീടിന്റെ ഗേറ്റ് പൂട്ടിയിരുന്നെങ്കിലും മുൻവാതിൽ തുറന്ന നിലയിലായിരുന്നു.
എളമക്കര പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. സംഭവസ്ഥലത്ത് ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും എത്തി തെളിവുകൾ ശേഖരിച്ചു.പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. അസ്വാഭാവികമായി ആരെങ്കിലും വീട്ടിൽ എത്തിയോ എന്ന് പരിശോധിക്കുന്നുണ്ട്.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ശനിയാഴ്ച പോസ്റ്റ്മോർട്ടത്തിനായി മാറ്റും. ഇതിന് ശേഷമേ മരണകാരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കൂ.വനജയുടെ ഭർത്താവ് പരേതനായ വാസുവാണ്. കൊലപാതകമെന്ന നിഗമനത്തിൽ പോലീസ് ഊർജിതമായ അന്വേഷണമാണ് നടത്തുന്നത്.