പാലക്കാട്: വാളയാറിൽ ആൾക്കൂട്ടം തല്ലിക്കൊന്ന ഛത്തീസ്ഗഢ് സ്വദേശി രാംനാരായൺ (31) മോഷണത്തിന് മുതിർന്നിട്ടില്ലെന്നും കുടുംബം പുലർത്താൻ തൊഴിൽ തേടി വന്നതാണെന്നും ബന്ധുക്കൾ. യുവാവിന്റെ ശരീരത്തിൽ നാൽപ്പതിലധികം മുറിവുകളുണ്ടെന്നും ക്രൂരമായ മർദനമാണ് മരണകാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്.
നാല് ദിവസം മുൻപാണ് രാംനാരായൺ പാലക്കാട് എത്തിയത്. ബന്ധുവായ ശശികാന്ത് ബഗേൽ പറയുന്നു. രാംനാരായണിന്റെ പേരിൽ ഒരിടത്തും കേസുകളില്ല. നാട്ടിൽ അന്വേഷിച്ചാൽ ഇത് ബോധ്യമാകും. ഇയാൾക്ക് മാനസിക പ്രശ്നങ്ങളില്ല. വഴി പരിചയമില്ലാത്തതിനാൽ തോട്ടത്തിൽ എത്തിപ്പെട്ടതാകാം. എട്ടും പത്തും വയസ്സുള്ള രണ്ട് മക്കളുടെ പിതാവാണ്. ഇവിടെ ജോലി ഇഷ്ടപ്പെടാത്തതിനാൽ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ഈ ദുരന്തം- ബന്ധു പറഞ്ഞു.
ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് സംഭവം. അട്ടപ്പള്ളം മാതാളികാട് ഭാഗത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെന്ന് ആരോപിച്ചാണ് ഒരു സംഘം ഇയാളെ വിചാരണ ചെയ്തത്. നിലത്തിട്ട് ചവിട്ടുകയും വലിച്ചിഴയ്ക്കുകയും ചെയ്തതിന്റെ പാടുകൾ ശരീരത്തിലുണ്ട്. ക്രൂരമർദനത്തെത്തുടർന്ന് ഇയാൾ രക്തം ഛർദിച്ചിരുന്നു.
സംഭവത്തിൽ അട്ടപ്പള്ളം സ്വദേശികളായ അനു, പ്രസാദ്, മുരളി, ആനന്ദൻ, ബിപിൻ എന്നിവരെ വാളയാർ പോലീസ് അറസ്റ്റ് ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ 103 (2) (ആൾക്കൂട്ട കൊലപാതകം) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പൊലീസ് എത്തുമ്പോൾ ഗുരുതരാവസ്ഥയിലായിരുന്ന രാംനാരായണനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. തൃശൂർ മെഡിക്കൽ കോളജിൽ നടന്ന പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.