തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് അസഹനീയമായി തുടരുന്നതോടെ വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിലെത്തി. ഇന്നലത്തെ മൊത്തം ഉപയോഗം 116.11 ദശലക്ഷം യൂണിറ്റായാണ് ഉയർന്നത്. (Kerala is burning, Electricity consumption at an all-time record)
വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 6013 മെഗാവാട്ട് ആയി വർധിച്ചിരുന്നു. വൈദ്യുതി ഉപയോഗം ഈ രീതിയിൽ തുടരുകയാണെങ്കിൽ ലോഡ്ഷെഡിംഗോ പവർകട്ടോ ഏർപ്പെടുത്തേണ്ടി വരുമെന്നാണ് വിലയിരുത്തൽ. രാത്രികാലങ്ങളിൽ എസി ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കാൻ അധികൃതർ ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും സാധാരണയേക്കാൾ ഉയർന്ന താപനിലയാണ് രേഖപ്പെടുത്തുന്നത്. പാലക്കാട് ഇന്നലെ താപനില 40°C വരെ ഉയർന്നു. കോട്ടയത്ത് 38°C ആണ് ഇന്നലെ രേഖപ്പെടുത്തിയത്. വയനാട്, ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളിലും കനത്ത ചൂട് അനുഭവപ്പെടും. ഈർപ്പമേറിയ അന്തരീക്ഷം ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് തിങ്കളാഴ്ച വരെ കനത്ത ചൂട് തുടരും.

