തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന അതിതീവ്ര മഴയെ തുടർന്ന് വിവിധ ജില്ലകളിൽ വൻ നാശനഷ്ടവും ആളപായവും. കോട്ടയം, ഇടുക്കി ഉൾപ്പെടെയുള്ള ജില്ലകളിൽ ഉണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലുമായി 5 പേർ മരണപ്പെട്ടു.(Kerala Heavy Rains Landslide 5 Dead Ranni Flooded Extremely Heavy Rainfall)
പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ പലയിടത്തും അതിതീവ്ര മഴയാണ് രേഖപ്പെടുത്തിയത്. പത്തനംതിട്ടയിലെ ളാഹയിൽ 25 സെന്റിമീറ്ററും, പീരുമേട്, തൊടുപുഴ എന്നിവിടങ്ങളിൽ 21 സെന്റിമീറ്റർ വീതവും മഴ ലഭിച്ചു. തെക്കേക്കര പയ്യാനിത്തോട്ടത്തിലുണ്ടായ ഉരുൾപൊട്ടലിൽ വീട് തകർന്ന് ഇരുപത്തിനാലുകാരനായ ജോസഫിൻ ജോണിയും അമ്മ റജീനയും മരിച്ചു.
കുടയത്തൂർ സ്വദേശിയായ സുമതി ഉരുൾപൊട്ടലിൽ മരിച്ചു. ഇവിടെനിന്ന് രണ്ടുപേരെ പ്രദേശവാസികളും രക്ഷാപ്രവർത്തകരും ചേർന്ന് രക്ഷപ്പെടുത്തി. കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് ബന്ധുവായ വൈക്കം സ്വദേശി പ്രഭാകരൻ നായർ മരണപ്പെട്ടു. നീറാട് തോട്ടിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് നാല് വയസ്സുകാരൻ മരിച്ചു. തോടിന്റെ കരയിലൂടെ നടന്നുപോകുന്നതിനിടെ കുട്ടി അബദ്ധത്തിൽ കാൽവഴുതി വെള്ളത്തിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുകയാണ്. പ്രധാന റോഡുകളും വീടുകളും വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിനടിയിലായി. റാന്നി, കോന്നി പ്രദേശങ്ങളിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴ നഗരങ്ങളെയും മലയോര മേഖലകളെയും ഒരുപോലെ ദുരിതത്തിലാക്കിയിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്തുടനീളം പെയ്ത അതിശക്തമായ മഴയെ തുടർന്ന് പ്രധാന ഡാമുകളിലെല്ലാം ജലനിരപ്പ് അതിവേഗം ഉയരുകയാണ്. കടുത്ത പ്രളയസാഹചര്യം ഒഴിവാക്കാൻ തിരുവനന്തപുരം, ഇടുക്കി, പത്തനംതിട്ട, പാലക്കാട് ജില്ലകളിലെ വിവിധ അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു. ഇടുക്കി ഡാമിന്റെ ഡൈവേർഷൻ അണക്കെട്ടുകളായ കല്ലാർ, ഇരട്ടയാർ എന്നിവ പൂർണ്ണമായും നിറഞ്ഞു. കല്ലാർകുട്ടി ഡാമിന്റെ 5 ഷട്ടറുകളും ഉയർത്തി. അപകട നിലയിലെത്തിയതിനെ തുടർന്ന് ലോവർ പെരിയാർ, പെരിങ്ങൽകുത്ത് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിൽ നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകൾ 20 സെന്റീമീറ്റർ വീതം ഉയർത്തി. അരുവിക്കര ഡാമിന്റെ 2 മുതൽ 5 വരെയുള്ള ഷട്ടറുകളും പേപ്പാറ ഡാമിന്റെ ഷട്ടറുകളും തുറന്നു. പത്തനംതിട്ട ജില്ലയിൽ മൂഴിയാർ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കൂടുതൽ അണക്കെട്ടുകൾ തുറക്കേണ്ടിവരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പാലക്കാട് ജില്ലയിൽ മംഗലം ഡാമിന്റെ 6 സ്പിൽവേ ഷട്ടറുകൾ 5 സെന്റീമീറ്റർ വീതം ഉയർത്തി. തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ 20 ഷട്ടറുകളും തുറന്നു നൽകിയിട്ടുണ്ട്.
ഭാരതപ്പുഴ, പമ്പ, പെരിയാർ തുടങ്ങി പ്രധാന നദികളുടെയും പോഷകനദികളുടെയും കരകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം. നദികളിൽ മീൻപിടിത്തത്തിനോ മറ്റ് ആവശ്യങ്ങൾക്കോ ബോട്ടുകളും പള്ളിയോടങ്ങളും ഇറക്കുന്നത് പൂർണ്ണമായും ഒഴിവാക്കണം. പമ്പ ഉൾപ്പെടെയുള്ള നദികളിൽ ശബരിമല തീർത്ഥാടകർ കുളിക്കാൻ ഇറങ്ങുന്നത് താൽക്കാലികമായി നിരോധിച്ചിട്ടുണ്ട്.
Story Summary
Heavy rain and severe landslides hit Kerala, leaving five dead across three districts. Massive rainfall recorded in Laha, Peerumade, and Thodupuzha, while Ranni faces severe flooding with homes and shops submerged.


