കൊളംബോ: 2019-ൽ ശ്രീലങ്കയിൽ 260-ലധികം പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ഞായർ ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസിൽ മുൻ പൊലീസ് മേധാവിക്കും പ്രതിരോധ മന്ത്രാലയത്തിലെ മുൻ ഉന്നത ഉദ്യോഗസ്ഥനും കോടതി വധശിക്ഷ വിധിച്ചു. ആക്രമണം തടയുന്നതിൽ ഗുരുതരമായ അനാസ്ഥ കാട്ടിയെന്ന് കണ്ടെത്തിയാണ് ശ്രീലങ്കൻ ഹൈക്കോടതിയുടെ നടപടി. (Sri Lanka Easter bombings verdict)
മുൻ പൊലീസ് മേധാവി പുജിത് ജയസുന്ദര, പ്രതിരോധ മന്ത്രാലയ മുൻ സെക്രട്ടറി ഹേമസിരി ഫെർണാണ്ടോ എന്നിവരെയാണ് മൂന്ന് അംഗ ഹൈക്കോടതി ബെഞ്ച് കുറ്റക്കാരായി കണ്ടെത്തിയത്. ഇരുവർക്കുമെതിരായ വിധി ഭൂരിപക്ഷ തീരുമാനത്തിലൂടെയായിരുന്നു. രണ്ട് ജഡ്ജിമാർ ശിക്ഷയ്ക്ക് അനുകൂലമായി നിലപാടെടുത്തപ്പോൾ, ഇരുവരെയും കുറ്റവിമുക്തരാക്കണമെന്നാണ് മൂന്നാമത്തെ ജഡ്ജി അഭിപ്രായപ്പെട്ടത്.
2019 ഏപ്രിൽ 21-ന് ഈസ്റ്റർ ഞായറാഴ്ചയാണ് ശ്രീലങ്കയെ നടുക്കിയ സ്ഫോടന പരമ്പര അരങ്ങേറിയത്. മൂന്ന് പള്ളികളിലും മൂന്ന് പ്രമുഖ ഹോട്ടലുകളിലുമായി ഏതാണ്ട് ഒരേസമയം നടന്ന ആക്രമണങ്ങളിൽ 260-ലധികം പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ 42 വിദേശ പൗരന്മാരും ഉൾപ്പെട്ടിരുന്നു. രണ്ട് കത്തോലിക്കാ പള്ളികളും ഒരു പ്രൊട്ടസ്റ്റന്റ് ദേവാലയവും ആക്രമണത്തിന് ഇരയായി. ആക്രമണസാധ്യതയെക്കുറിച്ച് ആവർത്തിച്ച് രഹസ്യാന്വേഷണ മുന്നറിയിപ്പുകൾ ലഭിച്ചിരുന്നെങ്കിലും, അവയുടെ അടിസ്ഥാനത്തിൽ ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിൽ പൊലീസ്, സുരക്ഷാ ഏജൻസികൾ പരാജയപ്പെട്ടതായി പാർലമെന്ററി അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. ഈ ഗുരുതര വീഴ്ചയാണ് കേസിൽ ഉദ്യോഗസ്ഥർക്കെതിരായ കുറ്റം തെളിയാൻ പ്രധാന കാരണമായത്.
ഇസ്ലാമിക് സ്റ്റേറ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട രണ്ട് ശ്രീലങ്കൻ തീവ്രവാദ സംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തവരെന്ന് കരുതപ്പെടുന്നവർ ആരും നിലവിൽ ജീവിച്ചിരിപ്പില്ല. എന്നാൽ, ആക്രമണവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന മറ്റ് പ്രതികൾക്കെതിരായ പ്രത്യേക വിചാരണകൾ തുടരുകയാണ്. അതേസമയം, 1976 മുതൽ ശ്രീലങ്കയിൽ വധശിക്ഷ നടപ്പാക്കുന്നതിന് അനൗദ്യോഗിക വിലക്ക് നിലനിൽക്കുന്നതിനാൽ, കോടതി വിധിച്ച വധശിക്ഷ പ്രായോഗികമായി ജീവപര്യന്തം തടവായി മാറാനാണ് സാധ്യത. നിലവിലെ പ്രസിഡന്റ് അനുര കുമാര ദിസനായകെയും വധശിക്ഷ നടപ്പാക്കുന്നതിലുള്ള വിലക്ക് തുടരുന്നതിനെ പിന്തുണയ്ക്കുന്നുണ്ട്. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ പുജിത് ജയസുന്ദരയ്ക്കും ഹേമസിരി ഫെർണാണ്ടോയ്ക്കും നിയമപരമായ അവകാശമുണ്ട്.
Summary: A Sri Lankan court sentenced former Police Chief Pujith Jayasundara and former Defence Ministry Secretary Hemasiri Fernando to death for criminal negligence linked to the 2019 Easter Sunday bombings. The attacks killed more than 260 people, but the death sentences are unlikely to be carried out due to Sri Lanka’s long-standing moratorium on executions.


