സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട പരിശീലനത്തിനിടെ നടി രശ്മിക മന്ദാനയ്ക്ക് ഇടുപ്പിന് ഗുരുതര പരിക്കേറ്റതായി റിപ്പോർട്ട്. കഠിനമായ നൃത്ത-ആക്ഷൻ രംഗങ്ങൾക്കായുള്ള പരിശീലനത്തിനിടെയാണ് പരിക്കേറ്റതെന്നാണ് വിവരം (Rashmika Mandanna hip injury). എന്നാൽ ഏത് ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം നടന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ഇടുപ്പിലെ ടെൻഡൺ വേർപെടുന്ന ടെൻഡൺ ഡിറ്റാച്ച്മെന്റ് എന്ന അവസ്ഥയാണ് രശ്മികയ്ക്ക് സ്ഥിരീകരിച്ചതെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കായികതാരങ്ങളിൽ സാധാരണയായി കാണപ്പെടുന്ന തരത്തിലുള്ള ഗുരുതര പരിക്കാണിതെന്നും ഡോക്ടർമാർ വിലയിരുത്തിയതായി റിപ്പോർട്ടുണ്ട്. പരിക്ക് ഭേദമാകുന്നതിനായി ആറാഴ്ചത്തെ പൂർണ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഇതോടെ രശ്മിക അഭിനയിച്ചുകൊണ്ടിരിക്കുന്ന പ്രധാന സിനിമകളുടെ ചിത്രീകരണ ഷെഡ്യൂളുകൾക്ക് താത്കാലികമായി തടസ്സം നേരിടാൻ സാധ്യതയുണ്ട്. മുപ്പതോളം ബ്രാൻഡുകളുടെ പരസ്യ ചിത്രീകരണങ്ങളെയും പരിക്ക് ബാധിച്ചേക്കുമെന്നാണ് സൂചന.
‘രണബലി’, ‘മൈസ’ ഉൾപ്പെടെയുള്ള ചിത്രങ്ങളാണ് നിലവിൽ രശ്മികയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. എന്നാൽ പരിക്ക് ഈ സിനിമകളിൽ ഏതെങ്കിലും ഒന്നിന്റെ ചിത്രീകരണത്തിനിടെയാണോ സംഭവിച്ചതെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. സംഭവത്തിൽ രശ്മികയോ അവരുടെ മാനേജ്മെന്റ് ടീമോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. വാർത്ത പുറത്തുവന്നതോടെ പ്രിയതാരം വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന ആശംസകളുമായി നിരവധി ആരാധകർ സാമൂഹിക മാധ്യമങ്ങളിൽ രംഗത്തെത്തി.
Summary: Actress Rashmika Mandanna has reportedly suffered a serious hip injury during training for demanding dance and action sequences. Doctors have advised her to take complete rest for six weeks, which may affect the schedules of her upcoming films and advertising commitments. No official statement has been issued by the actress or her management team.


