തിരുവനന്തപുരം: കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്തുടനീളം പെയ്ത അതിശക്തമായ മഴയെ തുടർന്ന് പ്രധാന ഡാമുകളിലെല്ലാം ജലനിരപ്പ് അതിവേഗം ഉയരുകയാണ്. കടുത്ത പ്രളയസാഹചര്യം ഒഴിവാക്കാൻ തിരുവനന്തപുരം, ഇടുക്കി, പത്തനംതിട്ട, പാലക്കാട് ജില്ലകളിലെ വിവിധ അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു.(Kerala Heavy Rain Dam Water Levels Rise Shutters Opened Red Alert Issued)
ഇടുക്കി ഡാമിന്റെ ഡൈവേർഷൻ അണക്കെട്ടുകളായ കല്ലാർ, ഇരട്ടയാർ എന്നിവ പൂർണ്ണമായും നിറഞ്ഞു. കല്ലാർകുട്ടി ഡാമിന്റെ 5 ഷട്ടറുകളും ഉയർത്തി. അപകട നിലയിലെത്തിയതിനെ തുടർന്ന് ലോവർ പെരിയാർ, പെരിങ്ങൽകുത്ത് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിൽ നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകൾ 20 സെന്റീമീറ്റർ വീതം ഉയർത്തി. അരുവിക്കര ഡാമിന്റെ 2 മുതൽ 5 വരെയുള്ള ഷട്ടറുകളും പേപ്പാറ ഡാമിന്റെ ഷട്ടറുകളും തുറന്നു. പത്തനംതിട്ട ജില്ലയിൽ മൂഴിയാർ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കൂടുതൽ അണക്കെട്ടുകൾ തുറക്കേണ്ടിവരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പാലക്കാട് ജില്ലയിൽ മംഗലം ഡാമിന്റെ 6 സ്പിൽവേ ഷട്ടറുകൾ 5 സെന്റീമീറ്റർ വീതം ഉയർത്തി. തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ 20 ഷട്ടറുകളും തുറന്നു നൽകിയിട്ടുണ്ട്.
ഭാരതപ്പുഴ, പമ്പ, പെരിയാർ തുടങ്ങി പ്രധാന നദികളുടെയും പോഷകനദികളുടെയും കരകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം. നദികളിൽ മീൻപിടിത്തത്തിനോ മറ്റ് ആവശ്യങ്ങൾക്കോ ബോട്ടുകളും പള്ളിയോടങ്ങളും ഇറക്കുന്നത് പൂർണ്ണമായും ഒഴിവാക്കണം. പമ്പ ഉൾപ്പെടെയുള്ള നദികളിൽ ശബരിമല തീർത്ഥാടകർ കുളിക്കാൻ ഇറങ്ങുന്നത് താൽക്കാലികമായി നിരോധിച്ചിട്ടുണ്ട്.
Story Summary
Heavy rain across Kerala causes water levels in major dams to swell rapidly. Red alerts issued for Lower Periyar, Peringalkuthu, and Moozhiyar dams as shutters of Neyyar, Kallarkutti, Aruvikkara, and Mangalam dams are raised.


