കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: എ.സി മൊയ്തീനും സിപിഎം നേതാക്കള്‍ക്കും വീണ്ടും നോട്ടീസ്
Sep 14, 2023, 11:34 IST

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ കൂടുതല്‍ നടപടികളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മുന്‍ മന്ത്രി എ.സി മൊയ്തീന്‍ എംഎല്‍എ അടക്കമുള്ള സിപിഎം നേതാക്കള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് വീണ്ടും നോട്ടീസ് അയച്ചു. അടുത്ത ചൊവ്വാഴ്ച എ. സി മൊയ്തീന്‍ ഹാജരാകണമെന്നാണ് നോട്ടീസിലെ നിർദേശം. കൗണ്‍സിലര്‍മാരായ അനൂപ് ഡേവിഡ്, അരവിന്ദാക്ഷന്‍, ജിജോര്‍ അടക്കമുള്ളവരുടെ ചോദ്യം ചെയ്യലും തുടരും.

എ.സി മൊയ്തീന്‍ സ്വത്ത് വിശദാംശങ്ങള്‍, ബാങ്ക് നിക്ഷേപക രേഖകള്‍ എന്നിവ പൂര്‍ണ്ണമായി ഹാജരാക്കണം. നേരത്തെ ഹാജരായപ്പോള്‍ മുഴുവന്‍ രേഖകളും കൈമാറാന്‍ മൊയ്തീന് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ നിര്‍ദ്ദേശം. കഴിഞ്ഞ ദിവസം ഒമ്പത് മണിക്കൂറാണ് മൊയ്തീനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്.