ശബരിമല സ്വർണ്ണക്കൊള്ള കേസ്: അന്വേഷണത്തിന് 6 ആഴ്ച കൂടി അനുവദിച്ച് ഹൈക്കോടതി; SIT അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തി, KP ശങ്കരദാസിൻ്റെ ഹർജി തള്ളി സുപ്രീംകോടതി, 'ദൈവത്തെ പോലും വെറുതെ വിട്ടില്ലെ'ന്ന് വിമർശനം | Sabarimala

കേസ് ഈ മാസം 19-ന് വീണ്ടും പരിഗണിക്കും
Sabarimala gold theft case, High Court grants 6 more weeks for investigation
Updated on

എറണാകുളം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രത്യേക അന്വേഷണസംഘത്തിന് കൂടുതൽ സമയം അനുവദിച്ച് ഹൈക്കോടതി. അന്വേഷണം പൂർത്തിയാക്കാൻ ആറാഴ്ചത്തെ സമയമാണ് കോടതി അനുവദിച്ചത്. കേസ് ഈ മാസം 19-ന് വീണ്ടും പരിഗണിക്കും. അന്ന് അന്വേഷണത്തിന്റെ പുരോഗതി വ്യക്തമാക്കുന്ന ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു.(Sabarimala gold theft case, High Court grants 6 more weeks for investigation)

നേരത്തെ അന്വേഷണത്തിലെ മെല്ലെപ്പോക്കിനെ വിമർശിച്ചിരുന്ന കോടതി, ഇപ്പോൾ അന്വേഷണസംഘം സ്വീകരിച്ച നടപടികളിൽ തൃപ്തി അറിയിച്ചു. അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ആവശ്യമെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥരെ സംഘത്തിൽ ഉൾപ്പെടുത്താൻ എസ്.പിക്ക് കോടതി അനുമതി നൽകി.

സിപിഎം നേതാവ് പത്മകുമാറിന്റെ അറസ്റ്റിന് ശേഷം അന്വേഷണം മന്ദഗതിയിലായതിനെ കോടതി കഴിഞ്ഞ മാസം വിമർശിച്ചിരുന്നു. എന്നാൽ പുതിയ റിപ്പോർട്ടിൽ ഉന്നതരിലേക്ക് അന്വേഷണം നീളുന്നതിന്റെ സൂചനകളുണ്ട്. ദേവസ്വം ബോർഡ് അംഗം വിജയകുമാർ, സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരി, ഗോവർദ്ധൻ എന്നിവരുടെ അറസ്റ്റ് സംബന്ധിച്ച വിവരങ്ങൾ അന്വേഷണസംഘം കോടതിയെ അറിയിച്ചു.

മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. പ്രശാന്ത് എന്നിവരെ ചോദ്യം ചെയ്തതിലൂടെ ലഭിച്ച നിർണ്ണായക വിവരങ്ങളും കോടതിക്ക് കൈമാറി.

അതേസമയം, ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസ് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ഹർജി പരിഗണിക്കവെ പ്രതിക്കെതിരെ അതിരൂക്ഷമായ വിമർശനങ്ങളാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്.

"നിങ്ങൾ ദൈവത്തെ പോലും വെറുതെവിട്ടില്ല" എന്ന കടുത്ത പരാമർശത്തോടെയാണ് ജസ്റ്റിസുമാർ ഹർജി തള്ളിയത്. ശബരിമലയിലെ സ്വർണ്ണവുമായി ബന്ധപ്പെട്ട അഴിമതിയിൽ ഉന്നതതലത്തിലുള്ള പങ്കാളിത്തം ഗൗരവകരമാണെന്ന് കോടതി നിരീക്ഷിച്ചു. അറസ്റ്റ് തടയാനാകില്ലെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി വ്യക്തമാക്കി. ജാമ്യം ആവശ്യമെങ്കിൽ ബന്ധപ്പെട്ട കോടതിയെ സമീപിക്കാനും നിർദേശം നൽകി.

Related Stories

No stories found.
Times Kerala
timeskerala.com