തിരുവനന്തപുരം: വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനെത്തുടർന്ന് കോൺഗ്രസിനുള്ളിൽ ഉയർന്നുവന്ന തർക്കങ്ങളും അതൃപ്തികളും ദിവസങ്ങൾക്കുള്ളിൽ അവസാനിക്കുമെന്ന് കെ. സുധാകരൻ. പാർട്ടിയിൽ ഗ്രൂപ്പുകളില്ലെന്നും ഹൈക്കമാൻഡ് തീരുമാനം അംഗീകരിച്ച് ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.(K Sudhakaran Backs VD Satheesan Amid Kerala Congress Cabinet Formation Talks)
പുതിയ മുഖ്യമന്ത്രിക്ക് തന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും സതീശന്റെ പ്രഖ്യാപനത്തിൽ തനിക്ക് വലിയ സംതൃപ്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭാ രൂപീകരണത്തിൽ എല്ലാവരെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞെന്നു വരില്ല. എങ്കിലും എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകുക എന്നത് നേതൃത്വത്തിന്റെ ഉത്തരവാദിത്തമാണ്. താൻ ആർക്കും വേണ്ടി വാദിച്ചിട്ടില്ല, തനിക്ക് സ്വന്തമായി ഗ്രൂപ്പുകളുമില്ല. മന്ത്രിസഭയെക്കുറിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകും, അത് പാർട്ടി ഉൾക്കൊള്ളുമെന്നാണ് പ്രതീക്ഷ, സുധാകരൻ പറഞ്ഞു.
ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രിക്ക് തന്നെ നൽകണമോ എന്ന കാര്യം തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.സി. വേണുഗോപാലും വി.ഡി. സതീശനും കോൺഗ്രസിന്റെ രണ്ട് തൂണുകളാണെന്ന് വിശേഷിപ്പിച്ച സുധാകരൻ, കഴിഞ്ഞ ദിവസം കെ.സി. വേണുഗോപാലിനെ കണ്ടത് വർഷങ്ങളായുള്ള സൗഹൃദത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണെന്ന് വ്യക്തമാക്കി. കെ.സി. പക്ഷത്തിന് മന്ത്രിസഭയിലുള്ള പ്രാതിനിധ്യത്തെക്കുറിച്ച് തനിക്ക് കൃത്യമായ കണക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തലയെ താൻ നേരിട്ട് കാണും. ചെന്നിത്തല നിയമസഭാ കക്ഷി യോഗത്തിൽ നിന്ന് മാറിനിൽക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ പാരമ്പര്യം പാർട്ടിക്ക് തുടർന്നും ആവശ്യമുണ്ടെന്നും സുധാകരൻ ഓർമ്മിപ്പിച്ചു.
Story Summary
Congress leader K. Sudhakaran expressed full support for CM-designate V.D. Satheesan, stating that any internal party discontent would settle within days. Emphasizing that there are no distinct factions within the party now, Sudhakaran added that he plans to meet Ramesh Chennithala to resolve differences as cabinet discussions progress.

